കണമല: വന്യമൃഗങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്. അത് യാഥാർഥ്യമായി കണ്മുന്പിൽ അനുഭവപ്പെട്ടപ്പോൾ പന്പാവാലിയിലെ നാട്ടുകാരിൽ കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിന്റെ ഭീതി ഒഴിയുന്നില്ല.
ശബരിമല വനത്തിൽനിന്നും പ്രളയത്തിൽ ഒലിച്ചുപോയി പന്പാ നദിയിലൂടെ ഒഴുകി പാറയിലും മരക്കൊന്പുകളിലും കുടുങ്ങിയ കൂറ്റൻ കാട്ടുപോത്തിന്റെ ജീർണിക്കാറായ ജഡം ഇന്നലെ നദിയിലടിഞ്ഞപ്പോൾ നാട്ടുകാരേറെയെത്തി.
കൂറ്റൻ കാട്ടുപോത്തിന്റെ ജഡം തീരത്തടിഞ്ഞ കാഴ്ച കണ്ട് മലവെള്ളത്തിന്റെ ശക്തിയിൽ അന്തംവിട്ടു നാട്ടുകാർ. നൂറുകണക്കിന് ആളുകളാണ് അപൂർവ ദൃശ്യം കാണാൻ ഓടിയെത്തിയത്. എയ്ഞ്ചൽവാലി പാലത്തിനടുത്ത് പാറയിടുക്കിലായിരുന്നു ജഡം കുടുങ്ങിക്കിടന്നത്.
കാട്ടുപോത്ത് മാത്രമല്ല, പെരുന്പാന്പ് ഉൾപ്പെടെ ജീവനുള്ളതും ചത്തതുമായ നിരവധി വന്യജീവികൾ മലവെള്ളത്തിൽ ഒഴുകിപ്പോകുന്നതിനു നാട്ടുകാർ സാക്ഷികളാണ്. അസാമാന്യ ശക്തിയുള്ള കാട്ടുപോത്തിനു പോലും മലവെള്ളത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല എന്നത് പ്രളയത്തിന്റെ തീവ്രത എടുത്തുകാണിക്കുന്നു.
വടത്തിൽ തൂങ്ങി നദിയിൽ സാഹസികമായിറങ്ങി ജഡം കരയ്ക്കെത്തിക്കാൻ ഏറെ ക്ലേശിക്കേണ്ടിവന്ന വനപാലകരെ നാട്ടുകാർ സഹായിച്ചു. 100 കിലോയിലധികം ഭാരമുള്ള കാട്ടുപോത്തായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ശബരിഗിരി പദ്ധതിയിലെ മൂന്ന് ഡാമുകൾ പന്പയിലേക്ക് തുറന്നുവിട്ടതോടെയാണ് വെള്ളപ്പൊക്കം നദിയെ വിഴുങ്ങിയത്.
പന്പാ ക്ഷേത്രത്തിന് സമീപത്തെ കടകളിൽ വെള്ളം കയറി ഷീറ്റും മേൽക്കൂരയും ഗ്യാസ് സിലിണ്ടറുകളും ഫ്രിഡ്ജുമൊക്കെ ഒലിച്ചുപോയി. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് മൃഗങ്ങൾ പലായനം ചെയ്തു.
തീരങ്ങളിൽ നിന്നും വെള്ളം പുരയിടങ്ങളിലേക്കെത്തുമോയെന്ന ഭയത്തിൽ ഉറക്കമൊഴിച്ചിരുന്നു നാട്ടുകാർ. പതിറ്റാണ്ടുകൾക്ക് മുന്പുണ്ടായ വെള്ളപ്പൊക്കമാണ് പഴയ തലമുറയുടെ ഓർമയിലുള്ളത്.
അന്നാണ് ആദ്യമായി എയ്ഞ്ചൽവാലിയിലെ പാലം വെള്ളത്തിനടിയിലായത്. അന്ന് നാട് ദിവസങ്ങളോളം ഒറ്റപ്പെട്ടു. അതിന് ശേഷം ഇതാദ്യമായാണ് പാലം വെള്ളത്തിനടിയിലായത് . വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടുപോത്തിന്റെ ജഡം വനത്തിൽ മറവു ചെയ്തു.