തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ളടത്താണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാക്കിയത്. ഞായറാഴ്ചയോടെ ന്യൂനമർദം, ആന്ധപ്രദേശ്, ഒഡീഷ തീരങ്ങളിലെത്തും. തമിഴ്നാട്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വ്യാഴാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ചിലയിടത്ത് ഇടിയോടു കൂടിയ ശക്തമായ മഴയാണ് പെയ്തത്. ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.