തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം ആരംഭിച്ച കനത്ത മഴ ഇന്നു രാവിലെയും പല മേഖലകളിലും തുടരുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലും വെള്ളം കയറി. ഇന്നലെ പെയ്ത കനത്ത മഴയിൽ തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്.
തെക്ക് കിഴക്കൻ അറബിക്കടലിൽ മേയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ നാളെമുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ന്യൂനമർദ രൂപീകരണഘട്ടത്തിൽ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണം.
രണ്ടു ദിവസത്തിനിടെ മിന്നലേറ്റ് നാലു മരണം
കനത്ത മഴയോടൊപ്പമുള്ള ഇടിമിന്നലിൽ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചത് നാലുപേർ. തിരുവനന്തപുരത്ത് അഞ്ചു തെങ്ങ് സ്വദേശിയും കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ടു പേരുമാണ് മരിച്ചത്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
തിരുവനന്തപുരം:അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
മൽസ്യതൊഴിലാളികൾ 14 ന് മുന്നോടിയായി തന്നെ പൂർണ്ണമായും കടലിൽ പോകുന്നത് ഒഴിവാക്കേണ്ടതും ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്നോടിയായി തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദേശം നൽകേണ്ടതാണ്.
കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.