കടുത്തുരുത്തി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൊയ്യാറായ നെല്ല് വെള്ളം കയറി നശിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ മേമ്മുറി ചില്ലക്കരി-കോണാട്ടുകരി പാടശേഖരത്തെ 24 ഏക്കര്‍ നെല്‍ക്കൃഷിയാണ് വെള്ളം കയറി നശിച്ചത്.
108 ദിവസം പ്രായമായ നെല്ല് കഴിഞ്ഞ ഒരാഴ്ചയായി വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. നെല്ല് പൂര്‍ണമായും അടിഞ്ഞു പോയതോടെ വെള്ളം വറ്റിയാലും കൊയ്ത്ത് നടത്താനാകില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കൃഷിനാശം ഉണ്ടായത്. മഴ വെള്ളത്തിനൊപ്പം ഉയരം കുറഞ്ഞ പുറം ബണ്ട് കവിഞ്ഞ് പൂവാശേരി -വാണിപ്പള്ളി തോട്ടില്‍ നിന്നും വെള്ളം കയറിയാണ് പാടശേഖരം മുങ്ങിയത്.
13 വര്‍ഷമായി തരിശു കിടന്ന പാടശേഖരത്ത് 11 കര്‍ഷകരാണ് ഇത്തവണ കൃഷിയിറക്കിയത്. ഒരേക്കറില്‍ കൃഷി ഇറക്കിയിനത്തില് 40,000 രൂപ വീതം ചെലവായതായി കര്‍ഷകര്‍ പറഞ്ഞു.
കൃഷിനാശം സംഭവിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയാറാവണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.