തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ സംസ്ഥാനത്ത് 22 ഡാമുകൾ തുറക്കേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് അസാധാരണമായ സാഹചര്യമാണ്. മുൻപ് ഒരിക്കൽ പോലും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രിമാർക്ക് ഓരോ ജില്ലകളുടെ ചുമതലകൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതിയെത്തിയിരിക്കുകയാണ്. ഡാം തുറക്കുന്നുവെന്ന് കേട്ട് പൊതുജനങ്ങൾ കാണാൻ വലിയതോതിൽ എത്തുന്ന സാഹചര്യം മുൻപുണ്ടായിട്ടുണ്ടെന്നും ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവർ മാത്രമേ അപകട മേഖലകളിലേക്ക് പോകാവൂ. വിനോദ സഞ്ചാരികൾ മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്നാണ് നിലവിൽ സംസ്ഥാനത്ത് ദുരന്തമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതൽ സഹായങ്ങൾ കേന്ദ്ര സർക്കാരിനോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ശരിയായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങളുടെ സഹായമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.