കോട്ടയം: കോവിഡിനൊപ്പം കനത്ത മഴയും, ജനം ദുരിതത്തിൽ. കഴിഞ്ഞദിവസം രാത്രി തുടങ്ങിയ മഴയ്ക്കു ഇന്ന് രാവിലെ മുതൽ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്നും യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നലെ മണിമലയാർ മുണ്ടക്കയം കോസ് വേ ഭാഗത്ത് കരകവിഞ്ഞു. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
കാഞ്ഞിരപ്പള്ളിയിൽ 16 സെന്റീമീറ്റും പൂഞ്ഞാറിൽ 10.6 സെന്റീമീറ്റും കോട്ടയത്തു 10.3 സെന്റീ മീറ്ററും മഴയാണ് ഇന്നലെ പെയ്തത്.
കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലയിലെ ജല നിരപ്പ് ഉയരുകയാണ്. മഴ കുറഞ്ഞാലും കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുകയാണ്.
രണ്ടാഴ്ച മുന്പുണ്ടായ മഴയെത്തുടർന്ന് ഇപ്പോഴും കോട്ടയം നഗരസഭ, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്.
മഴ നിന്നു പെയ്താൽ വെള്ളക്കെട്ടുകൾ വെള്ളപ്പൊക്കമായി മാറാൻ അധിക സമയം വേണ്ടെന്നു പ്രദേശവാസികൾ പറയുന്നു.