തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി ഇന്ന് വൈകിട്ട് ആന്ധ്രപ്രദേശ് തീരത്ത് കരതൊടുന്നതിനാൽ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
14 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും അറബികടലിലും രൂപപ്പെട്ട രണ്ട് ന്യൂനമർദങ്ങൾ തുടരുന്നതിനു പുറമേ ശനിയാഴ്ച പുതിയ ഒരു ന്യൂനമർദം അറബികടലിൽ രൂപപ്പെടുന്നതിനാൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മധ്യ അറബികടലിൽ നിലകൊള്ളുന്ന ന്യൂനമർദം തെക്കു കിഴക്കേക്കു സഞ്ചരിച്ച് ഇന്ന് തമിഴ്നാട് തീരത്ത് എത്തും. ശനിയാഴ്ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു-വടക്ക്, പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മൂന്നു ന്യൂനമർദങ്ങളും കേരളത്തിൽ കടക്കില്ല. ന്യൂനമർദ സ്വാധീനഫലമായി ശക്തമായ മഴയ്ക്കു സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.