തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം രൂപപ്പെട്ടാൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ തെക്കൻ ആഡമാൻ കടലിൽ ഇന്നു വൈകുന്നേരത്തോടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും.
ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ബുധനാഴ്ചയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.