തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സ്വാധീന ഫലമായി ഇന്ന് മലപ്പുറത്തും നാളെ ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും അതിതീവ്രമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ 20 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.
അതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച പുതിയ ന്യൂനമർദം രൂപംകൊള്ളുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ ശക്തമായ മഴയ്ക്ക് ഇടയാക്കുകയും ചെയ്യും.
രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്ന മലപ്പുറം ജില്ലയിലെ കിഴക്കൻമേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവരെ മുൻകരുതലായി ക്യാന്പുകളിലേക്കു മാറ്റേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ഒഴിവാക്കണമെന്നും നിർദേശിച്ചു. വടക്കൻ ജില്ലകളിലും ഹൈറേഞ്ച് ജില്ലകളിലും ഇന്നലെ രാത്രി പെയ്ത മഴ കനത്ത നാശമാണ് വിതച്ചത്.
ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക.
ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.