തൃശൂർ: തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് പ്രളയാതിജീവനത്തിനു നാടാകെ ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ വിദ്യാർഥി കോർണറിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം ബാധിച്ച ആയിരകണക്കിനു പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. നൂറിലധികംപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിജീവനത്തിനും പുനരധിവാസത്തിനും നാട് ഒന്നിക്കേണ്ട സമയമാണിത്. ദുരിതാശ്വാസത്തിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് സർക്കാർ നടത്തുന്നത്. കൈത്താങ്ങാകാൻ ജാതി -മത ചിന്തകൾക്കതീതമായി നമ്മുക്ക് സാധിക്കണം.
എന്നാൽ ഈ ദുരന്തസമയത്തും ജനവിരുദ്ധവും ഹീനവുമായ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവ വഴി ചിലർ അഴിച്ചുവിടുന്നത്. മലയാളികളുടെ ഐക്യബോധത്തെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ ദേശീയപതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, എന്നിവരും സല്യൂട്ട് സ്വീകരിച്ചു.
22 പ്ലാറ്റൂണുകൾ അണിനിരന്ന പരേഡ് ജില്ലാ സായുധ സേന റിസർവ് ഇൻസ്പെക്ടർ കെ. വിനോദ് കുമാർ നയിച്ചു. ജില്ലാ സായുധ സേന, സിറ്റി-റൂറൽ പോലീസ്, വനിതാ വിഭാഗം, ഫോറസ്റ്റ്, എക്സൈസ്, വിയൂർ സെൻട്രൽ പ്രിസണ്‍ ആൻഡ് കറക്ഷൻ ഹോം, എൻസിസി വിഭാഗങ്ങൾ, എസ്പിസി വിഭാഗം എന്നിവയിൽനിന്നുള്ള അംഗങ്ങളാണ് പരേഡിൽ അണിനിരന്നത്.
കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത ലെഫ്റ്റനന്റ്. കേണൽ രാമകൃഷ്ണൻ വിശ്വനാഥനെ ചടങ്ങിൽ അനുസ്മരിച്ചു. പരേഡിലെ മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്കാരം മന്ത്രി സമ്മാനിച്ചു. ഒന്നാംസ്ഥാനം നേടിയ പ്ലാറ്റൂണുകൾ : സർവീസ് വിഭാഗം- ജില്ലാ സായുധ സേന, വനിതാ വിഭാഗം- തുശൂർ റൂറൽ വനിതാ പോലീസ്, എൻസിസി (ആണ്‍കുട്ടികൾ) -സെന്റ്തോമസ് കോളജ് 23 ാം കേരള ബറ്റാലിയൻ, എൻസിസി (പെണ്‍കുട്ടികൾ) – ശ്രീകേരള വർമ കോളജ് ഏഴാം കേരള ബറ്റാലിയൻ എൻസിസി സീനിയർ ഗേൾസ്, എസ്പിസി (ആണ്‍കുട്ടികൾ) – സിഎംഎസ് എച്ച്എസ്എസ് തൃശൂർ, എസ്പിസി (പെണ്‍കുട്ടികൾ) – ഗവ. ഗേൾസ് ഹൈസ്ക്കൂൾ കൊടുങ്ങല്ലൂർ.
സായുധസേന പതാക നിധിയിലേക്ക് ജില്ലയിൽ എറ്റവും കൂടുതൽ തുക സ്വരൂപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള റോളിംഗ് ട്രോഫി എസ്എച്ച്സിജിഎച്ച്എസ്എസ് തൃശൂരിനും വിദ്യാഭ്യാസേതര സ്ഥാപനത്തിനുള്ള റോളിംഗ് ട്രോഫി 24(കെ) ബിഎൻ എൻസിസി തൃശൂരിനും മന്ത്രി സമ്മാനിച്ചു.