കോട്ടയം: അമിത വേഗതയും മഴയും ഇരുചക്ര റോഡപകടങ്ങൾ വർധിപ്പിക്കുന്നു. ഇന്നലെ നഗരത്തിൽ വിവിധ ഇടങ്ങളിലുണ്ടായ രണ്ടു ബൈക്ക് അപകടങ്ങളിലും അമിത വേഗത്തിൽ മുന്നിൽ പോയ വാഹനങ്ങളെ മറികടന്നത് കാരണമായി.
ഇന്നലെ രാവിലെ 11ന് എംസി റോഡിൽ നീലിമംഗലത്ത് നിയന്ത്രണം നഷ്്ടപ്പെട്ട ബൈക്ക് മറ്റു രണ്ടു ബൈക്കുകളുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ മൂന്നു പേർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം ആറിന് കളത്തിപ്പടി ഫിഷ്മാർട്ടിനും മരിയൻ സ്കൂളിനും സമീപം കെകെ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും മൂന്നുപേർക്കാണ് പരിക്കേറ്റത്.
നീലിമംഗലത്തുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ ഉണ്ണിക്കിഴിഞ്ഞാത്തോട്ടിൽ സൂര്യ (19) യുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട ഗാന്ധിനഗർ തേവർവാലകാട്ടിൽ സിബിൻ (37), വൈക്കം വടക്കേനട കൈശാല മഠം പ്രവീണ് എസ് നായർ (30) എന്നിവരുടെ പരിക്ക് സാരമുള്ളതല്ല.
കോട്ടയം ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു സൂര്യ സഞ്ചരിച്ച ബൈക്ക് കാറിനെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നിമറിയുകയായിരുന്നു.
എതിർ ദിശയിലെത്തിയ രണ്ടു ബൈക്കുകകളുമായി ഈ ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂന്നു ബൈക്കുകളിലുമുണ്ടായിരുന്ന യാത്രക്കാരും റോഡിൽ മറിഞ്ഞുവീണു.
അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന സൂര്യയ്ക്കാണ് കൂടുതൽ പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്നു 20 മിനിറ്റോളം നീലിമംഗലം പാലത്തിൽ ഗതാഗതം തടസപ്പെട്ടു.
കളത്തിപ്പടിയിലെ അപകടത്തിൽ വടവാതൂർ പുത്തൻപുരയ്ക്കൽ ഷാജൻ സണ്ണിയുടെ മകൻ ജസ്റ്റിൻ (21), മുട്ടന്പലം തോപ്പിൽ വീട്ടിൽ ബാബുവിന്റെ മകൻ ബെസ്റ്റിൻ (21), കങ്ങഴ പത്തനാട് പരിയാരമംഗലത്ത് വിജയകൃഷ്ണൻ (27) എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടയം ഭാഗത്തുനിന്നും ജസ്റ്റിൻ ഓടിച്ചിരുന്ന ബൈക്ക് മുന്പിൽ സഞ്ചരിച്ച ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽനിന്നുമെത്തിയ വിജയകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെയും ബെസ്റ്റിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയകൃഷ്ണനെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് കളത്തിപ്പടിയിലെ ഡിസിഎച്ച് ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയും മഴയുമാണ് അപകടത്തിനു ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു.