ആലപ്പുഴ: മഴ കനത്തതോടുകൂടി ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ചെങ്ങന്നൂർ, പുത്തൻകാവ് എന്നിവിടങ്ങളിൽ ഓരോ ക്യാന്പും തിരുവൻവണ്ടൂർ, എണ്ണയ്ക്കാട് എന്നിവിടങ്ങളിൽ രണ്ടുക്യാന്പുകളിലുമായി 74 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അടിയന്തിര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയുടെ സംഘങ്ങൾ ജില്ലയിലെത്തി.
പാങ്ങോട് സൈനീക ക്യാന്പിൽ നിന്നും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയാണ് ജില്ലയിലെത്തിയത്. ആവശ്യമെങ്കിൽ ജില്ലയിലേക്കെത്താൻ രണ്ടു സംഘങ്ങളെക്കൂടി പാങ്ങോട് ക്യാന്പിൽ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യാ ടിബറ്റൻ ബോർഡ് പോലീസ് (ഐടിബിപി) ഇന്ന് ചെങ്ങന്നൂരിലെത്തും. കുട്ടനാട്ടിൽ ജലനിരപ്പുയരുന്നതിനാൽ ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കുള്ള കഐസ്ആർടിസി ബസ് താത്കാലികമായി നിർത്തിവച്ചു.
വെള്ളത്തിൽ റോഡുകൾ പലതും മുങ്ങി. പന്പയാറിനോട് ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തലവടി, കുതിരച്ചാലിൽ 45 വീടുകൾ വെള്ളത്തിലായി. രണ്ടുദിവസമായി തുടരുന്ന കാറ്റിലും മഴയിലും കുട്ടനാട്ടിൽ നൂറോളം വീടുകൾ ഭാഗീകമായി തകർന്നു.
നാലു വീടുകൾ പൂർണമായും തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. മണ്ണഞ്ചേരിയിൽ 30 ഓളം വീടുകൾ തകരുകയും വീടുകളുടെ ഷീറ്റുകൾ പറന്നുപോയി നാശനഷ്ടം സംഭവിക്കുകയുംചെയ്തു. ആലപ്പുഴ നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു വൈദ്യുതി ബന്ധം തടസപ്പെട്ടിരിക്കുകയാണ്.
പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നന്പറുകൾ:കണ്ട്രോൾ റൂം
ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 9495003640, 0477 2236837.
ഫിഷറീസ് കണ്ട്രോൾ റൂം നന്പർ : 0477-2251103, 9496007028.
താലൂക്കുതല നന്പറുകൾ
ചേർത്തല: 0478 2813103, 9446369209, 9747557833, അന്പലപ്പുഴ: 0477 2253771, 9446061352, 9947076302, കുട്ടനാട്: 2702221, 9495309730, കാർത്തികപ്പള്ളി: 0479 2412797, 9847927073, 9446376563, മാവേലിക്കര: 0479 2302216, 996146768, ചെങ്ങന്നൂർ: 0479 2452334, 7907220925, 9496739790.
താലൂക്ക്, വില്ലേജ് ഓഫീസുകൾ ഇന്നും നാളെയും പ്രവർത്തിക്കും
ആലപ്പുഴ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടുകൂടി ഏകോപിപ്പിക്കുന്നതിനും ദുരന്തസാധ്യതകൾ പൂർണമായും ഒഴിവാക്കുന്നതിനും ജില്ലയിലെ എല്ലാ താലൂക്കാഫീസുകളും വില്ലേജാഫീസുകളും കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളും ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. കൂടാതെ ഓരോ വില്ലേജ് പരിധിയിലും വരുന്ന പഞ്ചായത്തിലെ സാങ്കേതിക പരിജ്ഞാനമുള്ള ഒരു ഉദ്യോഗസ്ഥൻ, കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർ ഈ തീയതികളിൽ വില്ലേജ് ജീവനക്കാരെ സഹായിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജുകളിൽ ഹാജരാകണം.
കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള പുളിങ്കുന്ന് സർവീസും എടത്വയിൽ നിന്നുള്ള കുളങ്ങര മുട്ടാർ, എടത്വ- വീയപുരം- ഹരിപ്പാട് സർവീസുകളും നിർത്തിവച്ചു.
കടലിൽ പോകരുത്
ആലപ്പുഴ: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സേഫ് ക്യാന്പുകൾ തുടങ്ങി
ജില്ലയിൽ മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ ഏഴ് സേഫ് ക്യാന്പുകൾ തുറന്നു. ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശേരി, മുട്ടാർ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാന്പ്. മുതിർന്ന പൗര·ാർ ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ ക്യാന്പുകളിലേക്ക് മാറാൻ അവസരമൊക്കും.
അടിയന്തര യോഗം ചേർന്നു
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തിര ജില്ലാ ദുരന്തനിവാരണ അഥോറിട്ടി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് ജി. വേണുഗോപാൽ, സബ് കളക്ടർ വി.ആർ. കൃഷ്ണതേജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറോട് 10 ടോറസ് വാഹനങ്ങൾ തയാറാക്കി നിർത്താൻ നിർദേശം നൽകി.
മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായം ലഭ്യമാക്കുന്നതിന് ഫിഷറീസ് ഡയറക്ടർക്ക് നിർദേശം നൽകി. ആവശ്യമായ ഡീസൽ, മണ്ണെണ്ണ, പെട്രോൾ എന്നിവ ശേഖരിച്ചുവയ്ക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്കും നിർദേശം നൽകി.
ഷട്ടറുകൾ റന്നു
തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകൾ തുറന്നു. സ്പിൽവേയുടെ പൊഴിമുഖത്തിന്റെ വീതി കൂട്ടിത്തുടങ്ങി.