ആലപ്പുഴ: കാലവർഷം ശക്തമായതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി. പാലസ് വാർഡിലെ മുക്കവലയ്ക്കൽ, ചുങ്കം, തിരുമല, മുല്ലാത്തു വളപ്പ്, മുല്ലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചിട്ടുള്ളത്. മിക്ക ഇടങ്ങളിലും വീടിനകത്ത് വെള്ളം കയറിയ നിലയിലാണ്. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളെയാണ് കാലവർഷം ഏറെ ബാധിച്ചത്. കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പല പ്രധാന റോഡുകളും വീടുകളിലേക്കുള്ള ഇടറോഡുകളും വെള്ളം നിറഞ്ഞതു ജനജീവിതത്തെ സാരമായി ബാധിച്ചു.
നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം ഒഴുകിപ്പോകാനാകാതെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള നടപടികൾ ഫലപ്രദമായി പലയിടത്തും നടന്നിട്ടില്ല. ഇടത്തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങളും മഴ മൂലം തടസപ്പെട്ടു കിടക്കുകയാണ്. മുല്ലാത്തു വളപ്പ് പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പകർച്ച വ്യാധി ഭീഷണിയും നിലനിൽക്കുന്നു.
അതേസമയം കാലവർഷക്കെടുതി നേരിടാൻ നഗരസഭയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളക്കെട്ട് ഉൾപടെയുള്ള പ്രശ്നങ്ങൾ നേരിടാനും മാറ്റിപ്പാർപിക്കേണ്ടവരെ മാറ്റിപ്പാർപിക്കുവാനും നഗരസഭ നടപടി തുടങ്ങി. ദുരിതബാധിതരെ എസ്ഡിവി ജെബി സ്കൂളിൽ ആരംഭിച്ച ക്യാന്പിലേക്ക് മാറ്റും.
വെള്ളക്കെട്ടു മൂലം ഉണ്ടാകാവുന്ന പകർച്ചവ്യാധി ഭീഷണി ഉൾപടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സംവിധാനം ഏർപെടുത്തിയതായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എ. റസാക്ക് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യ വിഭാഗം കണ്ട്രോൾ റൂമും ആരംഭിച്ചിച്ചിട്ടുണ്ട്. നന്പർ- 0477 2251792. ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ പലയിടത്തും വൻമരങ്ങൾ വീണ് വൈദ്യുതി തടസപ്പെടുന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.