തിരുവല്ല: മഴയ്ക്കു നേരിയ ശമനുമുണ്ടായെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ദുരിതങ്ങൾക്ക് അറുതിയില്ല. പന്പ, മണിമല, അച്ചൻകോവിൽ നദികളിലൂടെ ഒഴുകിയെത്തിയ വെള്ളവും മഴ ശക്തമായതും കാരണം അപ്പർകുട്ടനാട് പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലാകുകയായിരുന്നു.
തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയായ മേപ്രാൽ, ചാത്തങ്കേരി, പെരിങ്ങര പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിലായി. നെടുന്പ്രം, നിരണം, വള്ളകുളം അഴിയിടത്തുചിറ, വേങ്ങൽ, ആലുംതുരുത്തി, പന്നിക്കുഴി, കാട്ടുക്കര ഭാഗത്തും വെള്ളപ്പൊക്ക കെടുതികളുണ്ട്. വെള്ളപ്പൊക്ക കെടുതികളുണ്ടായ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ സമിതി രാവിലെ യോഗം ചേർന്നു. അപകടാവസ്ഥകളെ നേരിടാനുള്ള ക്രമീകരണങ്ങൾ ചെയ്തു.
തിരുവല്ലയുടെ പടിഞ്ഞാറൻമേഖലയിലേക്കുള്ള ഗതാഗതം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല. പൊടിയാടിയിൽ നിന്ന് എടത്വ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചാത്തങ്കേരി, മേപ്രാൽ, നെടുന്പ്രം, നിരണം പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലടക്കം വെള്ളം കയറിയിട്ടുണ്ട്.
വാഹനങ്ങൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിട്ടുണ്ട്. തിരുവല്ല താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ പ്രവർത്തിക്കുന്നത്.
പ്രളയബാധിത മേഖലകളിൽ സഹായം എത്തിക്കാൻ മാധ്യമസമൂഹം
പത്തനംതിട്ട: കേരളത്തിലെ പ്രളയബാധിത മേഖലകളിൽ സഹായവുമായി കേരള പത്രപ്രവർത്തക യൂണിയനും പ്രസ്ക്ലബുകളും മുന്നിട്ടിറങ്ങുന്നു. ജില്ലാ ആസ്ഥാനങ്ങളിലെ പ്രസ്ക്ലബുകൾ കേന്ദ്രീകരിച്ച് സാധനങ്ങൾ സമാഹരിച്ച് അർഹരായവർക്ക് എത്തിക്കും. കേടാകാത്ത ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ ശേഖരിക്കും. പത്തനംതിട്ട പ്രസ്ക്ലബിൽ ഇന്നു മുതൽ ഇത്തരത്തിൽ സാധനങ്ങൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 9447104482, 9447359170.
ഇന്നത്തെ വള്ളസദ്യയും മാറ്റിവച്ചു
ആറന്മുള: പമ്പാ നദിയിലെ അമിതമായ ജലനിരപ്പും അപകടകരമായ ഒഴുക്കും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇന്നത്തെ വഴിപാട് വള്ളസദ്യകളും മാറ്റി വച്ചതായി പള്ളിയോട സേവാ സംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി. ആർ. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. മൂന്ന് വള്ളസദ്യകളാണ് ഇന്നു നടക്കേണ്ടിയിരുന്നത്.
വെള്ളി മുതല്‍ ഇന്നലെ വരെയുള്ള വള്ളസദ്യ വഴിപാടുകള്‍ നേരത്തെ മാറ്റി വച്ചിരുന്നു. ഇതുവരെ 33 വള്ളസദ്യകളാണ് വെള്ളപ്പൊക്കം മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. മാറ്റി വച്ച വള്ളസദ്യകൾ നടത്താനുള്ള തീയതി കരക്കാരും വഴിപാടുകാരും പള്ളിയോട സേവാസംഘവും ചേർന്ന് പിന്നീട് തീരുമാനിക്കും. വിവരങ്ങള്‍ക്ക് പള്ളിയോട സേവാസംഘം ഹെല്പ് ലൈനില്‍ ബന്ധപ്പെടാം.ഫോൺ: 8281113010, 04682313010.
ക്യാമ്പുകളിൽ സഹായ ഹസ്തവുമായി തിരുവല്ല അതിരൂപത
തിരുവല്ല: പ്രളയക്കെടുതി മൂലം വിവിധ ക്യാന്പുകളിൽ അഭയം തേടിയ നൂറുകണക്കിനാളുകൾക്ക് സഹായ ഹസ്തവുമായി തിരുവല്ല അതിരൂപത. തിരുവല്ല അതിരൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ക്യാന്പുകളിൽ കഴിയുന്നവർക്ക് രണ്ടു ദിവസമായി ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയാണ്.
അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വിവിധ ക്യാന്പുകൾ സന്ദർശിക്കുകയും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.
ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാമുവേൽ വിളയിൽ, പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർമാരായ ഫാ. ജോൺ പടിപ്പുരയ്ക്കൽ, ഫാ. ഈപ്പൻ പുത്തൻപറന്പിൽ, ബോധന പ്രസിഡന്റ് ഷാജി മാത്യു എന്നിവർ വിവിധ ക്യാന്പുകളിലെത്തി ബോധവത്കരണ ക്ലാസുകൾ നടത്തുകയും സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.