ആലപ്പുഴ: ജില്ലയിൽ മഴ ശമനമില്ലാതെ തുടരുന്നു. ഇന്നലെ മഴ അപം കുറവായിരുന്നെങ്കിലും ഇന്നു രാവിലെ വീണ്ടും ശക്തി പ്രാപിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം മഴയും ശക്തിപ്പെടുന്നത് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ പൂർണമായും വെള്ളത്തിലാക്കുകയാണ്. കുട്ടനാട്ടിൽ പല പ്രദേശങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ജില്ലയിലെ ആറു താലൂക്കുകളിലുമായി 89 ദുരിതാശ്വാസ ക്യാന്പുകളാണ് ഇന്നലെ രാത്രി വരെയുള്ള റിപ്പോർട്ട് പ്രകാരം തുറന്നിട്ടുള്ളത്.
16080 അന്തേവാസികളാണ് ഈ ക്യാന്പുകളിലുള്ളത്. ആകെ 4633 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാന്പിലെത്തിയിട്ടുള്ളത്. ഇതിൽ 5978 പുരുഷ·ാരും 7078 സ്ത്രീകളും 3024 കുട്ടികളും ഉൾപ്പെടുന്നു. ക്യാന്പുകളെ ആശ്രയിക്കുന്നില്ലെങ്കിലും ആഹാരം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നോണ് റസിഡൻഷ്യൽ ക്യാന്പുകളെ (ഭക്ഷണവിതരണ കേന്ദ്രം) ആശ്രയിക്കുന്നവർ ജില്ലയിൽ 70611 പേരാണ്. കുട്ടനാട് താലൂക്കിൽ മാത്രം ഇത്തരത്തിലുള്ള 356 കേന്ദ്രങ്ങളാണ് തുറന്നത്്. 16011 കുടുംബങ്ങളാണ് ഈ ക്യാന്പുകളെ ആശ്രയിക്കുന്നത്.
ഇതിൽ 61150 മുതിർന്നവരും 9461 കുട്ടികളുമുണ്ട്. പുളിങ്കുന്ന് വില്ലേജിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ക്യാന്പുള്ളത്. 88 ക്യാന്പാണ് വില്ലേജിലുള്ളത്. കുട്ടനാട് താലൂക്കിലെ നെടുമുടി, തകഴി വില്ലേജുകൾ ഒഴികെയുള്ള ബാക്കി 12 വില്ലേജുകളിലും ഇത്തരത്തിലുള്ള ഭക്ഷണവിതരണ കേന്ദ്രം തുറന്നിട്ടുണ്ട്. ഏറ്റവും കുറവ് കേന്ദ്രമുള്ളത് എടത്വയിലാണ്. ഇവിടെ അഞ്ചു കേന്ദ്രമാണുള്ളത്. പുളിങ്കുന്നിൽ 3465 കുടുംബങ്ങളാണ് ക്യാന്പിനെ ആശ്രയിക്കുന്നത്.
ചന്പക്കുളത്ത് തുറന്നിട്ടുള്ള 28 കേന്ദ്രങ്ങളെ 723 കുടുംബങ്ങൾ ആശ്രയിക്കുന്നു. കാവാലത്തെ എട്ടു കേന്ദ്രങ്ങളിലായി 1190 കുടുംബങ്ങളുണ്ട്. കുന്നുമ്മയിലെ 12 കേന്ദ്രങ്ങളിൽ 3060 കുടുംബങ്ങളും കൈനകരിയിലെ 14 കേന്ദ്രങ്ങളിൽ 404 കുടുംബങ്ങളും ഭക്ഷണം കഴിക്കുന്നു. കൈനകരി വടക്ക് ആറു കേന്ദ്രങ്ങളിലായി 145 വീട്ടുകാരുണ്ട്.
മുട്ടാർ വില്ലേജിൽ 72 കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇവിടെ 1897 വീട്ടുകാരുണ്ട്. നീലംപേരൂരിൽ ഒന്പതു കേന്ദ്രങ്ങളിലായി 375 വീട്ടുകാരും രാമങ്കരിയിൽ 46 കേന്ദ്രങ്ങളിലായി 1271 വീട്ടുകാരുമുണ്ട്. തലവടിയിലെ 47 ഭക്ഷണവിതരണ കേന്ദ്രത്തെ 1979 കുടുംബങ്ങളും വെളിയനാട് 21 കേന്ദ്രങ്ങളിലായി 1378 കുടുംബങ്ങളും ആശ്രയിക്കുന്നു.