ആലപ്പുഴ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ ഇതുവരെ 104 ക്യാന്പുകളിലായി 5645 കുടുംബങ്ങൾ താമസിക്കുന്നു. 18,721 പേരാണ് ക്യാന്പുകളിൽ അഭയം തേടിയത്. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടാകുന്ന കനത്ത മഴയിൽ ജില്ലയിൽ പ്രാഥമിക കണക്കെടുക്ക് പ്രകാരം 37 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു.
13 പാടങ്ങളിൽ മടവീഴ്ച ഉണ്ടായിട്ടുണ്ട്. കരുവാറ്റ വാഴാങ്കേരി പുളിയന്പങ്കേരിയിൽ 66 ഹെക്ടറും ചെറുതന കോഴിക്കുഴിയിൽ 13.4 ഹെക്ടറും മടയനാരിയിൽ 67.3 ഹെക്ടറും വീയപുരം അച്ചനാരി പുത്തൻകേരിയിൽ 110 ഹെക്ടറും മണ്ണഞ്ചേരി തെക്കേക്കരിയിൽ 14 ഹെക്ടറും പുളിങ്കുന്ന് വടക്കേക്കരി മാടത്താണിക്കരിയിൽ 152 ഹെക്ടറും തകഴി വേഴപ്ര പടിഞ്ഞാറ് മൂന്നു ഹെക്ടറും ചെത്തിക്കളത്ത് ആറ് ഹെക്ടറും കൈനകരി കനകാശേരിയിൽ 48 ഹെക്ടറും ആറുപങ്കിൽ 192.8 ഹെക്ടറും ചന്പക്കുളം കട്ടക്കുഴിയിൽ 3.8 ഹെക്ടറും മൂലേപ്പള്ളിക്കാട് 63 ഹെക്ടറും എടത്വ പുത്തൻവരന്പിനകത്ത് 156.8 ഹെക്ടറും നെൽകൃഷി നശിച്ചിട്ടുണ്ട്.
ആകെ 896.1 ഹെക്ടർ നെൽകൃഷിയാണ് മട വീഴ്ച മൂലം നശിച്ചത്. വിതച്ചിട്ട് 90 ദിവസത്തിൽ താഴെ പ്രായമായ നിലങ്ങളാണ് മടവീഴ്ച മൂലം വെള്ളത്തിനടിയിലായത്. 28 ഓളം പാടശേഖരങ്ങളിൽ പുറം ബണ്ട് കരകവിഞ്ഞൊഴുകി പാടശേഖരങ്ങൾ മുങ്ങി കിടക്കുന്ന അവസ്ഥയിലാണ്.
27 വീടുകൾ പൂർണമായും 410 വീടുകൾ ഭാഗികമായും നശിച്ചു
ആലപ്പുഴ: 11 വരെ ജില്ലയിൽ കാറ്റിലും മഴയിലും പൂർണമായി നശിച്ചത് 27 വീടുകളും ഭാഗികമായി തകർന്നത് 410 വീടുകളും. ഏഴു വരെ 13 വീടുകൾ പൂർണമായും 133 വീടുകൾ ഭാഗികമായും നശിച്ചു. എട്ടാം തീയതി ഏഴു വീടാണ് പൂർണമായും നശിച്ചത്. 72 വീടുകൾ ഭാഗികമായി നശിച്ചു. ഒന്പതിന് ഏഴു വീട് പൂർണമായും 167 വീടുകൾ ഭാഗികമായും 10ന് പത്തും 11ന് 28ഉം വീടുകളാണ് ഭാഗികമായും നശിച്ചത്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്.