മങ്കൊന്പ്: പ്രളയത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്ന കുട്ടനാട്ടുകാരെ യാത്രാതടസങ്ങൾ ആശങ്കയിലാക്കുന്നു. റോഡ് ഗതാഗതം പൂർണമായി മുടങ്ങിയതോടെ ജലഗതാഗതം മാത്രമാണ് ഏക യാത്രാമാർഗം. സ്വന്തമായി യന്ത്രവത്കൃത വള്ളമില്ലാത്ത ഭൂരിപക്ഷം കുടുംബങ്ങൾക്കും ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ മാത്രമാണ് പ്രളയഭൂമിയിൽ നിന്നും രക്ഷപ്പെടാനുള്ള ഏകമാർഗം. എന്നാൽ ആവശ്യത്തിനു ബോട്ടുകളില്ലാത്തതാണ് യാത്രക്കാരെ കുഴപ്പിക്കുന്ന പ്രധാന പ്രശ്നം.
സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം തന്നെ കയറ്റാനാവുന്നതിലധികം യാത്രക്കാരുമായിട്ടാണ് സർവീസ് നടത്തുന്നത്. ശക്തമായ ഒഴുക്കും ബോട്ടുകളുടെ അപകടാവസ്ഥയും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സർവീസ് നടത്തുന്നതിനാവശ്യമായ ബോട്ടുകളില്ലാത്തത് ജലഗഗാതത വകുപ്പ് ഉദ്യോഗസ്ഥരെയും നിസഹായരാക്കുന്നുണ്ട്.
കടന്നുപോകുന്ന വഴികളിലെ തടസങ്ങൾ ഉള്ള ബോട്ടുകൾക്ക് സുഗമമായി സർവീസ് നടത്തുന്നതിനും പ്രതിസന്ധിയുണ്ടാക്കുന്നു. കിഴക്കൻ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പോളയും മറ്റു മാലിന്യങ്ങളുമാണ് വഴികളിൽ തടസം സൃഷ്ടിക്കുന്നത്. പോളയ്ക്കു പുറമെ കിഴക്കുനിന്നുള്ള മരശിഖരങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മുളങ്കൂട്ടങ്ങൾ തുടങ്ങിയവ പാലങ്ങളുടെ തൂണുകളിലും മറ്റുമായി കുരുങ്ങിക്കിടക്കുകയാണ്.
ചങ്ങനാശേരി ബോട്ടുജെട്ടിക്കു സമീപം, പുളിങ്കുന്ന് താലൂക്കാശുപത്രി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ഗതാഗത തടസമുള്ളത്. ചങ്ങനാശേരി ബോട്ടുജെട്ടി മുതൽ രണ്ടര കിലോമീറ്ററോളം വരുന്ന പ്രദേശത്ത് പോളയും മാലിന്യങ്ങളും തിങ്ങിക്കിടക്കുകയാണ്. ഇതുമൂലം കിടങ്ങറയിൽ നിന്നുള്ള ബോട്ടുകൾ വെട്ടിത്തുരുത്ത് പള്ളിവരെ മാത്രമാണ് സർവീസ് നടത്തുന്നത്.
ഇവിടെയിറങ്ങുന്ന യാത്രക്കാർ വെള്ളക്കെട്ടിലൂടെ കിലോമീറ്ററുകളോളം നീന്തിവേണം ബോട്ടുജെട്ടിയിലേക്കെത്താൻ. കാവാലത്തും, പുളിങ്കുന്നിൽ നിന്നുമെത്തുന്ന ബോട്ടുകൾ കിടങ്ങറ പാലം വരെയാണ് സർവീസ് നടത്തുന്നത്. ജലനിരപ്പുയരുന്നതിനു മുൻപ് ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് പാലത്തിനപ്പുറം കടത്തിയിരുന്നു.
പുളിങ്കുന്ന പാലത്തിന്റെ തൂണുകളിൽ കുടുങ്ങിക്കിടന്നിരുന്ന പോളയും മാലിന്യങ്ങളും ഇന്നലെ നീക്കംചെയ്യാനാരംഭിച്ചു. ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മാലിന്യനീക്കം നടത്തുന്നത്. ഇന്നലെ വൈകുന്നേരം വരെ അറുപതു ശതമാനത്തോളം തടസങ്ങൾ നീക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നിച്ചൻ മണ്ണങ്കരത്തറ പറഞ്ഞു.