തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കോമറിൻ മേഖലയ്ക്ക് മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ദാന ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാത്രിയോടെയൊ നാളെ അതിരാവിലെയോടെയൊ ദാന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ദാന കര തൊടുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
അരുവിക്കര ഡാമിന്റെ ഒന്നു മുതൽ അഞ്ചു വരെ ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആണ് ഓരോ ഷട്ടറുകളും 10 cm വീതം ഉയർത്തേണ്ടി വന്നത്. ഇന്ന് രാവിലെ 9നാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ പരിസരവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.