ആലുവ: കോരിച്ചൊരിയുന്ന ഒരു മഴ പെയ്ത് പോയാൽ ആലുവ നഗരം പുഴ പോലെയൊഴുകും. മണ്ണും ചെളിയും നിറഞ്ഞ കാനകളിലെ വെള്ളക്കെട്ട് നഗരത്തിനുണ്ടാക്കുന്ന ദുരിതങ്ങൾക്ക് കണക്കില്ല. അധികാരികളുടെ അനാസ്ഥയ്ക്ക് ബലിയാടാകുന്നതാകട്ടെ വ്യാപാരികളും പൊതുജനങ്ങളുമാണ്.
ഇന്നലെ പുലർച്ച മുതൽ പെയ്ത മഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കി. മഴക്കാലപൂർവ ശുചീകരണം നടത്തുന്നതിൽ നഗരസഭ കാട്ടിയ അനാസ്ഥയാണ് ദുരിതങ്ങൾക്ക് വഴിവച്ചതെന്നാണ് വ്യാപാരികളുടെ പരാതി.
ഇന്നലെത്തെ തോരാ മഴയിൽ റോഡ് നിറഞ്ഞ് കവിഞ്ഞ് വെള്ളം കടകളുടെ അകത്തു കയറി വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള കർഫ്യൂ മൂലം വെള്ളം കയറുമ്പോൾ കടകൾ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാൽ സാധന സാമഗ്രികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യാപാരികൾക്കായില്ല.
നഗരസഭ ബസ് സ്റ്റാൻഡ് മുതൽ ബാങ്ക് കവല വരെയുള്ള മാർക്കറ്റ് റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടത്. കൂടാതെ ബൈപ്പാസ് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ-കെഎസ്ആർടിസി റോഡ്, അൻവർ ഹോസ്പിറ്റൽ-കുന്നുംപുറം റോഡ് എന്നീ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
ഈ ഭാഗങ്ങളിലെ കാനകൾ നിറഞ്ഞാണ് നഗരത്തെ നിശ്ചലമാക്കിയ വെള്ളക്കെട്ട് രൂപം കൊണ്ടത്. കടകളുടെ ഷട്ടറുകൾക്കിടയിലൂടെ അടിച്ചുകയറിയ വെള്ളമാണ് നാശനഷ്ടങ്ങളുണ്ടാക്കിയത്. മഴയെത്തും മുമ്പേ നഗരത്തിലെ കാനകൾ മണ്ണും ചെളിയും നീക്കി ഓടകളിൽനിന്നും വരുന്ന വെള്ളം സുഖമമായി കടത്തിവിടാൻ സൗകര്യമൊരുക്കണമെന്ന നഗരവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഇതിന് നഗരസഭയോട് മറുപടി ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്. വെള്ളക്കെട്ടിനെതിരേ മുറവിളി ഉയർന്നതോടെ കാനാ ശുചീകരിക്കാൻ കരാർ നൽകി നഗരസഭ തടിതപ്പുകയായിരുന്നു.
കരാറുകാരനാകട്ടെ കാനയിൽനിന്ന് കോരിയ മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും മുകളിൽ തന്നെ നിക്ഷേപിച്ച് കണക്കുപ്പറഞ്ഞ് ബില്ലും മാറി പോവുകയും ചെയ്തു. ഈ മാലിന്യങ്ങളെല്ലാം വീണ്ടും കാനയിലേക്ക് തന്നെ അടിഞ്ഞ് കൂടിയാണ് വെള്ളക്കെട്ടിന് വഴിയൊരുക്കിയത്.
കാനകൾക്ക് മുകളിൽ സ്ലാബുകൾ ഇല്ലാത്തതിനാൽ കാൽനട യാത്രക്കാരും ദുരിതത്തിലായി. വെള്ളക്കെട്ടിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയുണ്ടായി. 2018 ലെ പ്രളയവും 2020 ലെ കോവിഡും നട്ടെല്ലൊടിച്ച ആലുവയിലെ ഒരു കൂട്ടം വ്യാപാരികൾക്ക് മറ്റൊരു ഇടിത്തീയായി മാറുകയായിരുന്നു ഇന്നലത്തെ തോരാത്ത മഴയും വെള്ളക്കെട്ടും.