ജോൺ കുര്യാക്കോസ്
മൂവാറ്റുപുഴ: മഴ ഒന്നു പെയ്യാതിരുന്നെങ്കിലെന്നു ഈ കുടുംബം എന്നും പ്രാർഥിക്കും. പക്ഷേ, പ്രാർഥന മാത്രം ആരും കേൾക്കുന്നില്ല. അതു കൊണ്ടു തന്നെ വീട്ടിലെ പാത്രങ്ങൾക്കു ശരിക്കും പണിയാണ്.
ഇതിലെല്ലാം വെള്ളം പിടിക്കേണ്ട പണിയാണ് ആനിക്കും മക്കൾക്കും. മൂവാറ്റുപുഴ മീങ്കുന്നം വാലുകണ്ടത്തിൽ ആനി ജോളിയും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥയാണിത്. കോരിച്ചൊരിയുന്ന മഴയത്തു കുടയുണ്ടെങ്കിലും ആനി വീട്ടിലേക്കോടും.
മറ്റൊന്നിനുമല്ല തന്റെ വീട്ടിൽ ചോരുന്ന സ്ഥലങ്ങളിൽ പാത്രങ്ങൾ വെയ്ക്കാൻ. ഓടിയെത്താനായില്ലെങ്കിൽ വീടൊരു പുഴയാകുമെന്നു ആനിക്കറിയാം. കൂലിപ്പണി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോയികൊണ്ടിരുന്ന ആനിയുടെ ജീവിതത്തിലേക്ക് അപ്രത്യക്ഷമായിട്ടുണ്ടായ വാഹനാപകടത്തോടെയാണ് ജീവിതം തകരുന്നത്.
പത്തു വർഷം മുൻപ് ഭർത്താവ് ജോളി ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജോളിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒരു ഭാഗം തളർന്നുപോയി. ഭാരിച്ച ചികിത്സാചെലവ് ഒറ്റക്ക് വഹിക്കാനാകാതയതോടെ ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും സഹായിച്ചിരുന്നു.
കാലക്രമേണ അതും നിലച്ചു. തുടർന്ന് ആനി കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് വീടിന്റെ ഏക ആശ്രയം. ജോളിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ആനിക്ക് ജോലിക്ക് പോകാനാവാതായി. തുടർന്ന് ആനി കടം വാങ്ങിയും ഭർത്താവിനെ ചികിത്സിച്ചു. ഒരു വർഷം മുൻപു ജോളി മരണത്തിനു കീഴടങ്ങി.
മഴ പെയ്താൽ ചോർന്നൊലിക്കും ഇടിവെട്ടിയാൽ കറന്റടിയ്ക്കും എന്ന നിലയിലുള്ള വീട്ടിലാണ് ഇവരുടെ താമസം. വീടിന്റെ വയറിംഗ് മുഴുവൻ നശിച്ചു എവിടെത്തൊട്ടാലും ഷോക്കടിക്കുന്ന അവസ്ഥയിലായിരുന്നു.
ആരക്കുഴ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഈ കുടുംബത്തിന്റെ നിജസ്ഥിതി നേരിട്ടു ബോധ്യപ്പെട്ട വാർഡംഗം റാണി ജെയ്സണ് സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഇവർക്ക് ഭവനം നിർമിച്ചു നൽകാനുള്ള അപേക്ഷയുമായി വീട്ടിലെത്തിയപ്പോളാണ് മറ്റൊരു സത്യം മനസിലാക്കുന്നത്.
ഇവർക്ക് റേഷൻ കാർഡില്ല. അതിനാൽ ജോളിയുടെ പിതാവിന്റെ പേരിലുള്ള റേഷൻ കാർഡിൽ അപേക്ഷ സമർപ്പിച്ചു. സ്വന്തമായൊരു റേഷൻ കാർഡിനും അപേക്ഷ നൽകി. സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ടോ, ആരുടെയോ ഭാഗത്തുണ്ടായ പാകപിഴവുകൊണ്ടോ കിട്ടിയത് ഉയർന്ന വരുമാനക്കാർക്കുള്ള വെള്ളക്കാർഡും.
വീണ്ടും അപേക്ഷ സമർപ്പിച്ചു കിട്ടിയപ്പോഴേക്കും ഈ പദ്ധതിയിൽ നിന്നും മറുപടിയെത്തി കാർഡ് ഉടമയുടെ വീട് തറവാട്ടുവീടാണെന്നും ഇത് വാസയോഗ്യമായതിനാൽ പദ്ധതിയിൽ ഉൾപെടുത്താനാകില്ലെന്നുമായിരുന്നു അറിയിപ്പ്.
ചോർന്നൊലിക്കാതെ വീട് എന്ന സ്വപ്നം അസ്തമിച്ചുവെന്ന് കരുതിയപ്പോളാണ് പഞ്ചായത്താംഗം കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ എന്ന പദ്ധതിയിലുൾപ്പെടുത്തി അപേക്ഷ സമർപ്പിച്ചത്. ഇതിനെക്കുറിച്ച് പിന്നീടൊരു അറിയിപ്പുമുണ്ടായിട്ടില്ല.
അടുത്തിടെ വീടിന്റെ വയറിംഗിൽ നിന്നും മകൻ അജയിക്ക് ഷോക്കേറ്റ് ചികിത്സതേടിയിരുന്നു. ഇതറിഞ്ഞു ആനി കൂലിപ്പണിക്ക് പോകുന്ന കരോട്ടുകാച്ചിറയിൽ ജോസും പഞ്ചായത്താംഗം റാണി ജയ്സണും സഹായിച്ചു വയറിംഗ് ചെയ്തു നൽകി.
മക്കൾ അജയും, നിജയും വടകര സെന്റ് ജോണ്സ് സ്കൂളിലെ പത്തും എട്ടും ക്ലാസിലെ വിദ്യാർഥികളാണ്. ഓണ്ലൈൻ പഠനം ആരംഭിച്ചതോടെ ടിവി ഇല്ലാതിരുന്ന വീട്ടിലേക്ക് സ്കൂൾ അധികൃതർ ടിവി എത്തിച്ചുനൽകി. എന്നാലും ചോർന്നൊലിക്കാത്ത കെട്ടുറപ്പുള്ള ഒരു വീട് എന്ന സ്വപ്നത്തിലാണ് ആനിയും കുടുംബവും.