ചാത്തന്നൂർ: വീടിന് സമീപത്ത് കെട്ടിനിന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനായി വീടിന് പുറത്തിറങ്ങിയ വീട്ടമ്മ സമീപത്തെ കോൺക്രീറ്റ് മതിൽ തകർന്നു ദേഹത്തു വീണ് മരിച്ചു.കോൺക്രീറ്റിനും സ്ലാബിനും അടിയിൽപ്പെട്ട ഇവരെ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെടുമ്പന മുട്ടക്കാവ് മുസ് ലിം ജമാഅത്ത് പള്ളിക്കടുത്ത് പള്ളി വടക്കതിൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യ ആമിന(42) യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
സംഭവം കണ്ട പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ച് കൊല്ലത്തു നിന്നും ഫയർഫോഴ്സ് സംഘവും കണ്ണനല്ലൂർ പോലീസും ചേർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കോൺക്രീറ്റിനും സ്ലാബുകൾക്കും അടിയിൽപ്പെട്ട ഇവരെ പുറത്തെടുക്കുകയായിരുന്നു.
ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാനായത്. കനത്തമഴയും, പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമായി.
തുടർ നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇവരുടെ ഭർത്താവ് അബ്ദുൽ ഗഫൂർ ഗൾഫിലാണ്. ആലിയ, അലീന, സൈദലി എന്നിവർ മക്കളാണ്.
പി.സി.വിഷ്ണുനാഥ് എം.എൽ.എ, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജ ബിജു, ബിനുജാ നാസർ, മുൻ പഞ്ചായത്ത് അംഗങ്ങളായ ആസാദ്, നാസറുദീൻ, മൺസൂർ, ആസാദ് നാൽപ്പങ്ങൽ, നാസിമുദീൻ ലബ്ബ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.