തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് ഇന്ന് ദുർബലമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്നൽകിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. കോട്ടയം ജില്ലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്.
മീനച്ചിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളിലാണ് ശക്തമായ മഴ ലഭിച്ചത്. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു.
പുലര്‍ച്ചെ 2 മണിയോടെയാണ് മഴയ്ക്ക് ശമനം ഉണ്ടായത്. തൃശൂരിൽ മഴ തുടരുകയാണ്. മേയ് അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കുന്പോഴാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ വേനൽ മഴപ്പെയ്ത്ത് ശരാശരിക്കും മുകളിലെത്തിയത്.
ഇന്നലെ വരെ സംസ്ഥാനത്താകെ 56 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് 361.5 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 294.1 മില്ലീമീറ്ററാണ്.