മലപ്പുറം: ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവൻ പേർക്കും പരമാവധി സഹായം ലഭ്യമാക്കുമെന്നു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. മലപ്പുറം കളക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ദുരിതമനുഭവിക്കുന്നതു നിലന്പൂർ മേഖലയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനു സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 18 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിട്ടുള്ളത്.
ഇവിടങ്ങളിൽ കഴിയുന്നവർക്കാവശ്യമായ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ക്യാന്പുകളോടു ചേർന്നു പ്രാഥമിക ചികിത്സ നൽകാൻ ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചു. ആംബുലൻസുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാന്പുകളിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്. ജല അഥോറിറ്റിയെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്കായി സമീപത്തെ ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ 43 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. സൈന്യത്തിന്റെ സേവനം ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. വണ്ടൂർ നടുവത്ത് തകർന്ന റോഡും മൂർക്കനാട് നടപ്പാലവും സൈന്യത്തിന്റെ സഹായത്തോടെ പുനർനിർമിക്കും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി സൈന്യം സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പുകളുടെയും നിലവിലുള്ള പ്രവർത്തനത്തിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
യോഗത്തിൽ ജില്ലാ കളക്ടർ അമിത് മീണ, ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ, എഡിഎം വി. രാമചന്ദ്രൻ, ആർഡിഒ കെ. അജേഷ്, ഡെപ്യൂട്ടി കളക്ടർ സി. അബ്ദുൾറഷീദ്, ഡിഎംഒ ഡോ. കെ. സക്കീന, പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, ബംഗളൂരു മിലിട്ടറി എൻജിനീയറിംഗ് ഗ്രൂപ് ക്യാപ്റ്റൻ ഗുൽദീപ് സിങ്ങ് റാവത്ത്, കമാൻഡിങ്ങ്് ഓഫീസർ കേണൽ സമീർ അറോറ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ പ്രളയബാധിതർക്കു സഹായം നൽകാൻ 64 അംഗ സേന ക്യാന്പ് ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിലയിരുത്തുന്നതിനുമായി മന്ത്രി കെ.ടി ജലീൽ ഇന്നു നിലന്പൂരിൽ മുഴുവൻ സമയമുണ്ടാകും. രാവിലെ ഒന്പതിനെത്തുന്ന മന്ത്രി ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തും. കാലവർഷക്കെടുതി അനുഭവിക്കുന്ന മറ്റു മലയോര മേഖലകളും മന്ത്രി സന്ദർശിക്കും. വൈകുന്നേരം വരെ മന്ത്രി സ്ഥലത്തുണ്ടാകും. ദുരിതാശ്വസാ ക്യാന്പുകളിലും മന്ത്രി സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്യും. പി.വി അൻവർ എംഎൽഎ, കളക്ടർ അമിത് മീണ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടാകും.