കോട്ടയം: മഴ കുറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിയതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. വീടുകളിൽ എത്തിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ്. ദിവസങ്ങൾ കഴിഞ്ഞാലേ വീടും പരിസരവും പഴയ രീതിയിലേക്ക് കൊണ്ടുവരാനാകു. ജില്ലയിൽ ഇന്ന് 22 ക്യാന്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 658 കുടുംബങ്ങളിലെ 1900 പേർ കഴിയുന്നു.
10 ദിവസത്തോളം ക്യാന്പുകളിൽ കഴിഞ്ഞിരുന്നവരാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനാണ് രണ്ടു വർഷമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് കരുതുന്നത്. സാധാരണയായി ജൂണ് ഒന്നിന് കാലവർഷം എത്തും. ഇതാണ് പതിവ്. എന്നാൽ ജൂണിലും ജൂലൈയിലും മഴ പെയ്യാതെ ആഗസ്റ്റിൽ പെരുംമഴ പെയ്തതാണ് പ്രളയത്തിന് കാരണമെന്നു കരുതുന്നു.
രണ്ടോ മൂന്നോ ദിവസംകൊണ്ടു പെയ്യേണ്ട കാലവർഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പെയ്തൊഴിയുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തിൽ ഉണ്ടായതെന്നും കരുതുന്നു. ഇത്തരത്തിലുള്ള മഴ പെയ്താൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാകും.
നാലഞ്ചു മണിക്കൂറുകൾക്കുള്ളിൽ 100 മില്ലീമീറ്ററിനു മുകളിൽ മഴ പെയ്യുന്നു. രണ്ടു വർഷമായി ഇതു തുടരുന്നതായി കാലാവസ്ഥാവിഭാഗം പറയുന്നു. മഴപ്പെയ്ത്തിൽ ഇക്കൊല്ലം കേരളത്തിൽതന്നെ ഒന്നാം സ്ഥാനത്താണ് കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും ഈരാറ്റുപേട്ടയും.