ചാലക്കുടി: കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ കാരൂർ-വെള്ളാഞ്ചിറ റോഡിൽ കാർ ഒഴുക്കിൽ പെട്ട് വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തേക്ക് മുങ്ങി. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലുമണിക്കാണ് സംഭവമുണ്ടായത്. കുന്പിടി പുന്നേരിപ്പറന്പിൽ ജോയിയും അയൽവാസികളുമാണ് കാറിലുണ്ടായിരുന്നത്.
ജോയിയുടെ അയൽവാസി പാനികുളം നെൽസന്റെ മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായ സ്നേഹക്ക് അസുഖമുണ്ടായതിനെ തുടർന്ന് പുലർച്ചെ ജോയിയുടെ കാറിൽ സ്നേഹയെയും കൊണ്ട് കുട്ടിയുടെ പിതാവ് നെൽസനും അമ്മ ഷീബയും നെൽസന്റെ ജ്യേഷ്ഠൻ ജോജിയും കൂടി ചാലക്കുടിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വെള്ളാഞ്ചിറ പാടത്തുകൂടിയുള്ള റോഡിലൂടെ കാർ ഓടിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് കാർ ഒഴുക്കിൽ പെട്ടത്. കാറിലുണ്ടായിരുന്നവർ പെട്ടെന്ന് ഡോർ തുറന്ന് ഒഴുകിപ്പോയിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. എന്നാൽ കാർ ഓടിച്ചിരുന്ന പുന്നേലിപ്പറന്പിൽ ജോയിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കാർ പാടത്തുള്ള വെള്ളത്തിലേക്ക് ഒഴുകി പോയി മുങ്ങിത്താണു.
മുങ്ങിപ്പോയ കാറിനകത്തുനിന്നും ജോയി അത്ഭുതകരമായി രക്ഷപ്പെട്ടു.വിജനമായ ഈ സ്ഥലത്ത് സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. ഫയർഫോഴ്സിനെ വിളിച്ചെങ്കിലും അവർ സാഹയത്തിന് എത്തിയില്ല. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ട കഴിഞ്ഞില്ലേ.
കാർ ജെസിബി കൊണ്ടുവന്ന് കയറ്റിക്കൊണ്ടു പോകാനാണ് സഹായത്തിനുപകരം ചാലക്കുടി ഫയർഫോഴ്സ് ഉപദേശിച്ചത്. ഇരിങ്ങാലക്കുട ഫയർഫോഴ്സിനെ വിളിച്ചെങ്കിലും തങ്ങളുടെ അതിർത്തിയല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. സഹായത്തിനുള്ള ഫോണ് നന്പറുകളിൽ വിളിച്ചെങ്കിലും അങ്ങോട്ടുമിങ്ങോട്ടും തള്ളി ഒഴുഞ്ഞുമാറുകയായിരുന്നു. അസുഖബാധിതയായി അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വിഷമിച്ച അവർ സഹായത്തിനുവേണ്ടി നിലവിളിച്ചെങ്കിലും ആരും എത്തിയില്ല.
കുട്ടിയെയും എടുത്ത് ഏതാനും ദൂരെ പാടത്തിന്റെ കരയിലുള്ള റോഡരികിലുള്ള വീട്ടിൽ ചെന്ന് സഹായം തേടി. എന്നാൽ വീട്ടുടമസ്ഥൻ വീട്ടിൽ കാറുണ്ടായിട്ട് പോലും കരുണ കാണിച്ചില്ല. അടുത്ത വീട്ടിൽ ചെന്ന് സഹായം അപേക്ഷിച്ചപ്പോൾ ഉടനെ ആ വീട്ടുകാരൻ അദ്ദേഹത്തിന്റെ കാറിൽ കുട്ടിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. ഇന്നു രാവിലെ ഒന്പതു മണിയോടെ കാർ വെള്ളത്തിൽ നിന്നും ജെസിബിയുടെ സഹായത്തോടെ കരയ്ക്കുകയറ്റി.
ടു