തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നു മുതൽ ഏഴു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.