തിരുവനന്തപുരം: വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയ്ക്ക് പിന്നാലെ തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
മറ്റ് എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കേരള -ലക്ഷദ്വീപ് -കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം കനത്ത മഴയിലും ശക്തമായ കാറ്റിലും ഇന്ന് പുലർച്ചെ സംസ്ഥാനത്ത് പലയിടത്തും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശമുണ്ടായി.എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മരങ്ങൾ വീണ് നാശനഷ്ടമുണ്ടായത്. കൊല്ലം, ഓച്ചിറ, തകഴി എന്നിവിടങ്ങളിൽ ട്രാക്കിൽ മരം കടപുഴകി വീണു. ഇതേ തുടര്‍ന്ന് പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു. പിന്നീട് രാവിലെ ഏഴോടെ ട്രാക്കിലെ മരം മുറിച്ച് മാറ്റിയശേഷമാണ് ട്രാക്കിലെ ഗതാഗത തടസം ഒഴിവാക്കി ട്രെയിനുകള്‍ കടത്തിവിട്ടത്.
പുലർച്ചെ കോട്ടയം പള്ളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി. പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്സിറ്റി ഭാഗങ്ങളിലും മരം വീണു. പത്തനംതിട്ട പന്തളം ചേരിക്കലിൽ പുലർച്ചെ തേക്കുമരം കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി.
ആലപ്പുഴയിൽ കരുമാടി, പുറക്കാട്, ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ, ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലും മരം വീണു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു നാശനഷ്ടം ഉണ്ടായി.
കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിൽ മരം വീണു.കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
ട്രാക്കിൽ മരം വീണു: കൊല്ലം-തിരുവനന്തപുരം പാതയിൽ ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂർ തടസപ്പെട്ടു
കൊല്ലം: കനത്ത കാറ്റിൽ ട്രാക്കിൽ മരം വീണതിനെ തുടർന്ന് കൊല്ലം -തിരുവനന്തപുരം പാതയിൽ ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂർ തടസപ്പെട്ടു. കൊല്ലം എസ്പി ഓഫീസ് മേൽപാലത്തിന് സമീപവും പരവൂർ ഭാഗത്തുമാണ് റെയിൽ പാളത്തിൽ മരങ്ങളുടെ ശിഖരം ഒടിഞ്ഞു വീണത്. രാവിലെ ആറിനായിരുന്നു സംഭവം. ഇതോടെ ഈ റൂട്ടിൽ തടസപ്പെട്ട ട്രെയിൻ ഗതാഗതം 7.30 നാണ് പുനഃസ്ഥാപിച്ചത്.
ഇതുകാരണം രാവിലെ ആറിന് എത്തിയ നിസാമുദീൻ-തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിർത്തിയിട്ടു. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പെരിനാട് സ്റ്റേഷനിലും മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് പെരിനാട് ഔട്ടറിലും നിർത്തിയിട്ടു.
പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ശാസ്താംകോട്ടയിലും മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് കരുനാഗപ്പള്ളിയിലും നിർത്തിയിട്ടു. ഇവയെല്ലാം പിന്നീട് കടത്തി വിട്ടതിന് ശേഷം 7.50 നാണ് കൊല്ലം – തിരുവനന്തപുരം പാസഞ്ചർ പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തിന് വന്ന വേണാട്, പരശുറാം എക്സ് പ്രസുകളും അര മണിക്കൂറോളം വൈകി.