ചേർത്തല: താലൂക്കിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ കാറ്റിലും മഴയിലും വ്യാപകനാശം. ഇന്നലെ രാത്രി അർത്തുങ്കൽ ചന്ദ്രബാബുവിന്റെ വീടിനുമുകളിലേക്ക് മരം വീണ് നാശനഷ്ടം ഉണ്ടായി. ഇന്നു രാവിലെ വരെ മരം മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ല. മാരാരിക്കുളം ബീച്ചിനുസമീപം തെങ്ങ് റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ചേർത്തലയിൽ നിന്നെത്തിയ അഗ്നിശമനസേന തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കൂറ്റുവേലിയിലും മരം റോഡിൽവീണ് ഗതാഗത തടസം ഉണ്ടായി. മുഹമ്മ ജെട്ടിക്കു സമീപമുള്ള ഷാപ്പിനു സമീപവും മരം വീണത് അഗ്നിശമനസേനയെത്തി മുറിച്ചുമാറ്റി. വീശിയടിച്ച കാറ്റിൽ വേന്പനാട് കായലിന്റെ തീരപ്രദേശങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തണ്ണീർമുക്കത്ത് മത്സ്യതൊഴിലാളികളുടെ വള്ളങ്ങളും ഉപകരണങ്ങളും നശിച്ചു.
തീരത്ത് കയറിൽ കെട്ടിയിട്ടിരുന്ന വള്ളങ്ങൾ കല്ലിൽ അടിച്ച് തകർന്ന് മുങ്ങുകയും അവയിൽ സൂക്ഷിച്ചിരുന്ന വലകൾ നഷ്ടമാകുകയും ചെയ്തു. വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങിയതോടെ അടിയന്തരമായി സേവനത്തിനിറങ്ങിയ അഗ്നിശമനസേനയ്ക്കും വൈദ്യുതി ജീവനക്കാർക്കും ഇന്നലെ രാവിലെ മുതൽ അൽപംപോലും വിശ്രമിക്കാനായില്ല. ചേർത്തലയിലെ അഗ്നിശമനസേനാ ഓഫീസിലേക്കും വിവിധ വൈദ്യുതി ഓഫീസുകളിലേക്കും നിലയ്ക്കാതെ ഫോണ്കോളുകൾ പ്രവഹിച്ചു.
മിക്കയിടങ്ങളിൽനിന്നും മരംവീണും മറ്റുമുള്ള അപകടങ്ങളുടെ സന്ദേശമാണ് എത്തിയത്. അഗ്നിശമനസേന ഒന്നിനുപുറകെ മറ്റൊന്നായി എല്ലാ കേന്ദ്രങ്ങളിലും ഓടിയെത്തി മരങ്ങൾ മുറിച്ചുമാറ്റി റോഡുകൾ സുരക്ഷിതമാക്കി. വൈദ്യുതി ജീവനക്കാർ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടുകയും തകരാറിലാവുകയും ചെയ്ത അറിയിപ്പ് ലഭിച്ചയിടങ്ങളിൽ ഓടിയെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു.
കാലവർഷവും ശക്തിയായ കാറ്റും നാളെവരെ തുടരുന്നതിനാൽ ജില്ലയിൽ നാളെവരെ മഞ്ഞ അലർട്ടും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.