കോട്ടയം: നദികൾ കരകവിഞ്ഞ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന കാരണം ആറും തോടും പുഴയും കായലുമെല്ലാം മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണെന്നു കരുതുന്നു. അതിനാൽ നദികളുടെ ആഴം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഗ്രാമ പ്രദേശത്തുള്ള ചെറിയ ചാല് മുതൽ കായൽവരെയുള്ള എല്ലാ ജലാശയങ്ങളിലും മണലും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ട്.
മണൽ വാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തോടുകളും മറ്റു നദികളിലുമുള്ള മണൽ നീക്കം സ്തംഭിച്ചത്. വർഷങ്ങളായി അടിഞ്ഞു കൂടിയ മണലും മറ്റു മാലിന്യങ്ങളും വാരി മാറ്റിയാൽ ഇപ്പോഴത്തെ വലിയ മഴയിൽ ലഭിക്കുന്ന വെള്ളത്തിന്റെ 25 ശതമാനമെങ്കിലും കൂടുതൽ നദികൾക്ക് ഉൾക്കൊള്ളാൻ കഴിയും.
ഇതോടെ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നത് ഒഴിവാകും. മണൽ വാരി നീക്കുന്നതിനൊപ്പം എല്ലാ നദികളും ആഴം കൂട്ടിയാൽ വെള്ളപ്പൊക്കത്തിന് കുറച്ചൊരു ആശ്വാസം ലഭിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഗ്രാമ, നഗര പ്രദേശങ്ങളിലെ ഇടത്തോടുകളിൽ 75 ശതമാനവും മണ്ണും പുല്ലും മാലിന്യവും കയറി വൃത്തിഹീനമായി കിടക്കുകയാണ്. ഇതൊക്കെ നീക്കം ചെയ്താൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമാകും.
കോട്ടയം ജില്ലയിലെ ആറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ചെന്നു ചേരുന്ന വേന്പനാട്ട് കായലിന്റെ ആഴവും കുറഞ്ഞു വരുന്നുവെന്നാണ് പഠന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. തോടുകളിലൂടെ എത്തുന്ന മാലിന്യം ആറുകൾ കടന്ന് കായലിലാണ് എത്തുന്നത്.
ഇങ്ങനെ മണലും മാലിന്യവും നിറഞ്ഞ് കായലിന്റെ ആഴവും കുറഞ്ഞത് വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നു. വലിയ ശാസ്ത്രീയ പഠനങ്ങളുടെയൊന്നും ബിൻബലമില്ലാതെ മനസിലാക്കാൻ കഴിയുന്ന കാര്യങ്ങളാണിവ. എന്നിട്ടും ആഴം കൂട്ടൽ പദ്ധതി വ്യാപകമാക്കാൻ കഴിഞ്ഞിട്ടില്ല.
ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാത്രം ആഴം കൂട്ടൽ നടത്തുന്നുണ്ട്. അതുകൊണ്ട് വലിയ കാര്യമില്ല. എല്ലാ പുഴകളും ആറും ആഴം വർധിപ്പിക്കാനുള്ള ബൃഹുത്തായ പദ്ധതിയാണ് നമുക്കാവശ്യം. അതോടൊപ്പം കായലും ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു.