കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ കാലവർഷം ശക്തമായതോടെ ജനം ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൊക്കെ മഴക്കെടുതികൾക്കിടയിൽ താളം തെറ്റുമോയെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.
വീട്ടിൽത്തന്നെ കഴിയുക, സാമൂഹിക സന്പർക്കം ഒഴിവാക്കുക, ആളകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാനും നടപ്പാക്കാനും കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് പെരുമഴയും പ്രളയവും എത്തിയത്.
വീടുകളിലേക്കു വെള്ളമെത്തിത്തുടങ്ങിയതോടെ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥിതിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനം പലപ്പോഴും അസാധ്യമാകുന്ന സ്ഥിതിയാണ്.
ടിപ്പറുകളിലും ടോറസ് ലോറിയിലും വള്ളത്തിലുമൊക്കെ ആളുകളെ ഒഴിപ്പിച്ചു മാറ്റുന്പോൾ ആളകലം പാലിക്കൽ അസാധ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കിട്ടുന്ന വണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ എങ്ങനെ ആളകലം പാലിക്കുമെന്നാണ് ജനത്തിന്റെ ചോദ്യം.
ക്യാന്പിൽ
ദുരിതാശ്വാസക്യാന്പുകളിലെ ജീവിതമാണ് മറ്റൊരു ആശങ്ക. ക്യാന്പുകളിൽ ആളകലം പാലിച്ചുകഴിയുക ദുഷ്കരമാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ക്യാന്പുകളിൽ കൂട്ടത്തോടെ കഴിയുന്ന സാഹചര്യം ഒഴിവാക്കാൻ ചിലർ ബന്ധുവീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
ഇതിനിടെ കോട്ടയം ജില്ലയിൽ കോവിഡ് ഭീതിയിൽ ഒരു ദുരിതാശ്വാസ ക്യാന്പ് തന്നെ അടച്ചുപൂട്ടേണ്ടി വന്നു. ക്യാന്പിനു നേതൃത്വം നൽകിവന്ന ഉദ്യോഗസ്ഥരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്യാന്പ് പൂട്ടിയത്. ഈ ക്യാന്പിലുണ്ടായിരുന്നവരെ തെള്ളകത്തെ കോവിഡ് നിരീക്ഷണ സെന്ററിലേക്കു മാറ്റേണ്ടി വന്നത്.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തനത്തിന് എത്തുന്നവർക്കു കോവിഡ് സ്ഥിരീകരിക്കുന്നതും വെല്ലുവിളിയായിട്ടുണ്ട്. മൂന്നാർ പെട്ടിമുടിയിൽ രക്ഷാപ്രവർത്തിനെത്തിയ സംഘാംഗങ്ങളിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം ഉൾപ്പെടുന്ന 25 അഗ സംഘത്തെ അവിടെനിന്നു തിരിച്ചുവിടേണ്ടി വന്നു.
ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിലേക്കു വെള്ളം കയറിയതോടെ അവരെ പ്രത്യേകമായി താമസിപ്പിക്കേണ്ട സാഹചര്യവും നിലവിലുണ്ട്. പെരുമഴ പെട്ടെന്ന് അടങ്ങിയില്ലെങ്കിൽ സ്ഫോടനാത്മക സാഹചര്യമായിരിക്കും കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാനത്തു പലേടത്തും സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും ഒഴിപ്പിക്കലും കോവിഡ് കൂടുതൽ പ്രദേശത്തേക്കും പേരിലേക്കും പടരാൻ ഇടയാക്കുമോയെന്ന ആശങ്കയാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർക്കും ഉള്ളത്.
നേരത്തെ കരിപ്പൂർ വിമാനദുരന്തത്തിൽപ്പെട്ട ചിലർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവർത്തനം നടത്തിയവർ അടക്കമുള്ളവർ ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്.