കോന്നി: കനത്തമഴയിൽ ചപ്പാത്ത് മുങ്ങിയതിനേത്തുടർന്ന് വാഹനഗതാഗതം തടസപ്പെട്ട് ഗൃഹനാഥൻ തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയാ കമ്മിറ്റിയംഗവും കൊക്കാത്തോട് മേഖലാ പ്രസിഡന്റുമായ അള്ളുങ്കൽ പാറയിൽ വീട്ടിൽ രാജി ലാൽ (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ നെഞ്ചുവേദനയനുഭവപ്പെട്ട രാജിയെ ജീപ്പിൽ അള്ളുങ്കൽ വരെ എത്തിച്ചിരുന്നു.
ഇവിടെയുള്ള പാപ്പിനി ചപ്പാത്തിൽ വെള്ളം കയറി കിടന്നിരുന്നതിനാൽ വാഹന ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം ഇവിടെ കാത്തിരിക്കേണ്ടി വന്നു. 5.45 ഓടെ ചപ്പാത്ത് കടന്ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: തുളസി. മക്കൾ: സഞ്ജിത്ത്, സംഗീത. മരുമക്കൾ: സതീഷ്കുമാർ, ശാരിക.