തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
വീടിനും ചുറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ, ടയറുകൾ, ചിരട്ടകൾ, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, റബർതോട്ടങ്ങളിലെ ചിരട്ടകൾ, കവുങ്ങിൻ പാളകൾ, കൊക്കോ തൊണ്ടുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാനും അവയിൽ കൊതുക് മുട്ടയിടാനുമുള്ള സാധ്യതയുണ്ട്.
കൂടാതെ വീട്ടിലെ റെഫ്രിജറേറ്ററിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെള്ളത്തിലും, കൊതുക് പ്രജനനം സാധ്യമാണ്. കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ശ്രദ്ധിക്കണം.
വീട്ടാവശ്യത്തിനു വെള്ളംവച്ചിരിക്കുന്നവർ പാത്രങ്ങളുടെ ഉൾവശം ഉരച്ചുകഴുകുകയും കൊതുക് കടക്കാത്ത വിധം സൂക്ഷിക്കുകയും വേണം. പനി ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെയോ, ആരോഗ്യകേന്ദ്രങ്ങളെയോ വിവരം അറിയിക്കണം.
കോവിഡ് രോഗവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ ഒഴിവാക്കാൻ ആരോഗ്യപ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പത്തംനിട്ട ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എ.എൽ. ഷീജ അറിയിച്ചു.