തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശം നൽകി.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു.
മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.
അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്.
പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക. അതിശക്തമായ മഴയ്ക്ക് മുന്നൊരുക്കമായി നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുക. മഴക്കാല തയ്യാറെടുപ്പ് പരിപത്രം പ്രകാരം ആവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ന്റെ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.