പാലക്കാട്: ജില്ലയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ സമയത്തും മുന്പും ശേഷവും അറിയേണ്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. വ്യക്തമായ വിവരങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണം. ഹെൽപ്പ്ലൈൻ നന്പറുകൾ
ഫയർഫോഴ്സ്- 101, കളക്ടറേറ്റ്-0491 2505309, 0491 2505566, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ-0491 2505209, ജില്ലാ കളക്ടർ- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487.
താലൂക്കുകൾ: പാലക്കാട് 0491 2505770, ആലത്തൂർ 04922222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാന്പി 0466 2214300, മണ്ണാർക്കാട് 04924 222397. ഉരുൾപൊട്ടലിനുമുന്പ് പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക, കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക, വീടു വിട്ട് ഇറങ്ങേണ്ട സാഹചര്യം വന്നാൽ കൈയിൽ എമർജൻസി കിറ്റ് കരുതുക, അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോണ് നന്പറുകൾ അറിയുക, ശക്തമായ മഴയുള്ളപ്പോൾ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും മാറി സുരക്ഷിതസ്ഥാനങ്ങളിൽ എത്തുക, വീടുകൾ ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയുംവേഗം സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക, കിംവദന്തികൾ പരത്താതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
മഴക്കെടുതി: ചിറ്റൂർ താലൂക്കിൽ ഇരുപതു വീടുകൾ നശിച്ചു
ചിറ്റൂർ: താലൂക്കിൽ പെയ്ത കനത്തമഴയിൽ ഇരുപതോളം വീടുകൾ നശിച്ചു. വടവന്നൂർ പഞ്ചായത്തിലെ ജൈലാബുദീൻ, ഷണ്മുഖൻ എന്നിവരുടെ വീടുകൾ പൂർണമായും നിലംപതിച്ചു. ചെന്നിയാംപാറ വിനുകുമാർ, കണ്ടനാറ വാസു, പിടാരിമേട് രാമകൃഷ്ണൻ, മുതലമട പാർവതി, എരുത്തേന്പതി ലോകനായകി, മക്കൾ ലത, ഉദയൻ എന്നിവരുടെ വീടുകളും നിലംപതിച്ചു.
മൂവരും മാനസിക ചികിത്സ തേടുന്നവരായതിനാൽ ഇവരെ ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിപാലന വിഭാഗത്തിലേക്കു മാറ്റിപാർപ്പിച്ചു.ഒഴലപ്പതിയിൽ അഞ്ചുവീടുകളിൽ വെള്ളംകയറി. ചിന്നമൂലത്തറ കണ്ടമുത്തൻ, ഭാസ്കരൻ, ദേവകി, സാവിത്രി, ഓമന എന്നിവരുടെ കുടുംബങ്ങളെ സമീപത്തെ ആംഗൻവാടിയിലേക്ക് താത്കാലികമായി മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ചിറ്റൂർ തഹസീൽദാർ വി.കെ.രമയും സംഘവും തകർന്ന വീടുകൾ സന്ദർശിച്ചു.
അഗ്നിശമനസേന രക്ഷപ്പെടുത്തിയത് 531 പേരെ
പാലക്കാട്: ജില്ലയിലുണ്ടായ കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട 531 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇവരിൽ തളർച്ച ബാധിച്ചവരടക്കം കുഞ്ഞുങ്ങളും ഗർഭിണികളും ഉൾപ്പെടുന്നു.പാലക്കാട് നഗരത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സഞ്ജയ്് നഗർ, ശേഖരീപുരം, ശാന്തിപുരം, വെങ്കിടേശ്വർ കോളനി, ആണ്ടിമഠം, ഗണേഷ് നഗർ എന്നിവടങ്ങളിലെ ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഇവരെ കൂടാതെ പാലം ഒലിച്ചുപോയതിനെ തുടർന്ന് മലബാർ സിമന്റ്സിന്റെ ഖനിയിൽ കുടുങ്ങിയ 35 തൊഴിലാളികളെ ഏണി കുറുകെ വെച്ചാണ് രക്ഷപെടുത്തിയത്. ഇന്നത്തെ കർക്കിടക വാവിനോടനുബന്ധിച്ച് ഓരോ സ്നാനഘട്ടങ്ങളിലും അഗ്നിശമന സേനയെ വിന്യസിച്ചിട്ടുണ്ട്.
അടിയന്തര സാഹര്യങ്ങൾ നേരിടാൻ അഗ്നിശമന സേന അധികൃതർ ഫൈബർ ബോട്ടുകൾ ഏർപ്പാടാക്കിയതായും അറിയിച്ചു. തൃശൂർ ഫയർഫോഴ്സ് അക്കാദമിയിൽ നിന്നടക്കം 122 അഗ്നിശമനാ ജീവനക്കാരെ വിന്യസിച്ചതായി അഡീഷനൽ ഡിവിഷനൽ ഓഫീസർ അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാമിലും ജാഗ്രതാനിർദേശം
മണ്ണാർക്കാട്: കനത്ത മഴ, കാഞ്ഞിരപ്പുഴ ഡാമിലും ജാഗ്രതാനിർദ്ദേശം. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാമിലും ശക്തമായ മഴയെ തുടർന്ന് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ വൈകീട്ടാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
കാഞ്ഞിരപ്പുഴ ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം പോകുന്ന പുഴകളായ തൂതപ്പുഴ, ചൂരിയോട് പുഴ എന്നിവയുടെ തീരദേശവാസികൾക്കു് ജാഗ്രത നിർദ്ദേശം നൽകുകയായിരുന്നു. ജലനിരപ്പ് ഉയരുന്നതു മൂലം കാഞ്ഞിരപ്പുഴ, തച്ചന്പാറ ,കരിന്പുഴ, കാരാകുറുശ്ശി, ശ്രീകൃഷ്ണപുരം എന്നീ പഞ്ചായത്തുകളിലെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ സ്ലൂയിസ് കൂടുതൽ തുറന്നിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പുഴകളിലും, തോടുകളിലും, കനാലുകളിലും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. ബലിതർപ്പണത്തിനും മറ്റുമായി പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. കാഞ്ഞിരപ്പുഴ ഡാം മൂന്ന് ഷട്ടറുകളും അറ്റകുറ്റപ്പണിക്കായി തുറന്നിരിക്കുകയാണ് . കാഞ്ഞിരപ്പുഴയിൽ ഈ സമയത്ത് ഒഴുകിഎത്തുന്ന മഴവെള്ളം അടിത്തട്ടിൽ ചെറിയ രീതിയിൽ ശേഖരിക്കുകയും, വെള്ളം സ്ലൂയിസ് വഴി തുറന്നിടുകയാണ് ചെയ്യുന്നത് . വെള്ളംകൂടിയ സാഹചര്യത്തിൽ സ്ലൂയിസ് പൂർണമായും തുറന്നു വിടുമെന്നാണ് അധികൃതർ അറിയിച്ചു.