കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി.
23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം പൂർണമായി നിലച്ചു. കുടിവെള്ളത്തിന് ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഹോട്ടലുകൾ പ്രവർത്തിക്കുന്നില്ല. മൊബൈൽ നെറ്റ് വർക്കുകളും തകരാറിലാണ്. പന്പുകളിൽ പെട്രോൾ സ്റ്റോക്ക് തീർന്നു. ശേഷിക്കുന്നവയുടെ വിൽപ്പനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്.
ഇന്നും മഴ തുടരുമെന്നാണു കലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പെരിയാറിലും ചാലക്കുടിപ്പുഴയിലും വെള്ളം, ഉയരുകയാണ്. ചാലക്കുടി ടൗണ് പൂർണമായി വെള്ളത്തിനടിയിലാണ്. പൂർണ സംഭരണശേഷിയോട് അടുക്കുന്ന ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നിരിക്കുകയാണെങ്കിലും ഡാമിലേക്കുള്ള വെള്ളത്തിന്റെ വരവ് വർധിച്ചതിനാൽ ജലനിരപ്പ് കുറയുന്നില്ല. ഇടമലയാറിൻറെ അവസ്ഥയും വ്യത്യസ്തമല്ല. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രാത്രിയിലും മഴ പെയ്തു. ഭൂതത്താൻകെട്ട്, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്.