കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11.36ഓടെയാണ് ഭൂചലനമുണ്ടായത്.
പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍, പിറവന്തൂര്‍, പട്ടാഴി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദം കേട്ടെന്നും 20 മുതല്‍ 40 സെക്കന്‍ഡ് വരെ ഇത് നീണ്ടുനിന്നെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ചില മേഖലകളിൽ ഭൂചലനം കാര്യമായി അനുഭവപ്പെട്ടു. പത്തനാപുരത്തെ റവന്യൂ അധികൃതരും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും.
മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 9-ാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഇത് ന്യൂനമര്‍ദ്ദമായി മാറും.
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.