കൊച്ചി: കാലവർഷക്കെടുതിയിൽ ജില്ലയിൽ 2094.518 ഹെക്ടർ സ്ഥലത്തെ കൃഷികൾ നശിച്ചു. 25 വീടുകൾ പൂർണ മായും, 329 വീടുകൾ ഭാഗികമായും തകർന്നു. 893 വളർത്തുമൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മഴ മാറിയതോടെ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതം നേരിട്ടവർ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന കാഴ്ചയാണു കാണാനാകുന്നത്. എട്ട് ക്യാന്പുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്.
124 കുടുംബങ്ങളിലെ 355 പേരാണ് നിലവിൽ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. 163 ക്യാന്പുകൾ ഇതിനോടകം അവസാനിപ്പിച്ചു. 16,460 ആളുകളാണു ക്യാന്പുകളിൽനിന്ന് വീടുകളിലേക്കു മടങ്ങിയത്. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ മുഴുവൻ ക്യാന്പുകളും അവസാനിപ്പിച്ചപ്പോൾ ആലുവ, പറവൂർ, കണയന്നൂർ താലൂക്കുകളിലാണു നിലവിൽ ക്യാന്പുകൾ പ്രവർത്തിച്ചുവരുന്നത്. ആലുവ താലൂക്കിൽ അഞ്ചും, പറവൂർ താലൂക്കിൽ ഒന്നും കണയന്നൂർ താലൂക്കിൽ രണ്ട് ക്യാന്പുകളുമാണുള്ളത്.
ആലുവ താലൂക്കിൽ 81 കുടുംബങ്ങളിലെ 266 പേരും പറവൂർ താലൂക്കിൽ 15 കുടുംബങ്ങളിലെ 29 പേരും കണയന്നൂർ താലൂക്കിൽ 28 കുടുംബങ്ങളിലെ 60 ആളുകളുമാണു ക്യാന്പുകളിൽ തുടരുന്നത്. കനത്ത കാലവർഷത്തെത്തുടർന്നു ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 171 ക്യാന്പുകളാണു തുറന്നിരുന്നത്. ആദ്യ സമയങ്ങളിൽ ഏറ്റവും ദുരിതം നേരിട്ട കോതമംഗലം മേഖലയിൽ ജനങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി. ആലുവയിൽ നഗരസഭ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ ചെളി അടിഞ്ഞുകൂടിയതിനാൽ വെള്ളക്കട്ട് കുറയാൻ ഏറെ സമയമെടുക്കുന്നുണ്ട്.
കനത്ത മഴ മാറിനിൽക്കുകയാണെങ്കിലും കാലടി മുണ്ടങ്ങാമറ്റത്ത് കൃഷിയിടങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. അങ്കമാലി ദേശീയപാതയിൽ കറുകുറ്റി ജംഗ്ഷൻ, അങ്കമാലി മഞ്ഞപ്ര റോഡ്, കരയാംപറന്പ് പാലത്തിനു സമീപത്തെ യുടേണ് റോഡ്, കറുകുറ്റി പന്തയ്ക്കൽ റോഡ് എന്നീ റോഡുകൾ കനത്ത മഴയെതുടർന്ന് തകർന്ന നിലയിലാണ്. ഇതേത്തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ദുഷ്കരമായിരിക്കുകയാണ്. ഇന്നലെ രാവിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ പെയ്തെങ്കിലും കനത്ത മഴ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.