കൊച്ചി: ജില്ലയിൽ കനത്തമഴ കുറയുന്നു, ജാഗ്രത തുടരുന്നുന്നു. ഇന്നലെ രാത്രിയിൽ ഉൾപ്പെടെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴ പെയ്യാത്തതിനാൽ ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കൻ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ വെള്ളക്കെട്ടും നിങ്ങിത്തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ക്യാന്പുകളൊന്നും തുറന്നിട്ടില്ല. ഇന്നു പുലർച്ചെവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 135 ക്യാന്പുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇത്രയധികം ക്യാന്പുകളിലായി 4,652 കുടുംബങ്ങളിലെ 16,836 ആളുകൾ കഴിഞ്ഞുവരുന്നു.
6,843 പുരുഷൻമാരും 7,472 സ്ത്രീകളും 2,555 കുട്ടികളുമാണു ജില്ലയിലെ വിവിധ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ വർഷം പ്രളയം തകർത്ത പറവൂർ താലൂക്കിൽതന്നെയാണ് ഇക്കുറിയും ഏറ്റവും കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്. 46 ക്യാന്പുകളിലായി 10,472 പേരെയാണു പറവൂർ താലൂക്കിലെ വിവിധ ക്യാന്പുകളിലേക്കു മാറ്റിയത്.
ആലുവ താലൂക്കിൽ 41 ക്യാന്പുകളിലായി 3,850 പേരും മൂവാറ്റുപുഴ താലൂക്കിൽ 19 ക്യാന്പുകളിലായി 541 പേരും കുന്നത്തുനാട് താലൂക്കിൽ 10 ക്യാന്പുകളിലായി 954 പേരും കഴിഞ്ഞുവരുന്നു. കോതമംഗലം, കണയന്നൂർ താലൂക്കുകളിൽ ഏഴ് ക്യാന്പുകൾ വീതവും കൊച്ചി താലൂക്കിൽ അഞ്ച് ക്യാന്പുകളുമാണു തുറന്നിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം മൂന്നുവരെ ജില്ലയിൽ 154.86 മില്ലി മീറ്റർ മഴയാണ് പെയ്തത്. മെട്രോ സർവീസുകൾ തടസപെടാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകൾക്ക് ജില്ലയിൽ അവധിയില്ല.
എല്ലാ പിഎച്ച്സി, സിഎച്ച്സി സെൻററുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്നു കളക്ടർ അറിയിപ്പ് നൽകി കഴിഞ്ഞു. എല്ലാ ക്യാന്പുകളിലും ഡോക്ടറുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടർ അഥോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ്, മോട്ടോർ വാഹനം, ജലഗതാഗതം, മൈനിംഗ് ആൻഡ് ജിയോളജി, പൊതുമരാമത്ത് റോഡ്സ് – ബിൽഡിങ്സ്, എക്സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സന്പർക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവർഗ വികസനം എന്നീ വകുപ്പുകൾക്ക് വരുന്ന അവധിദിനങ്ങൾ പ്രവർത്തി ദിനങ്ങളായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
നെടുന്പാശേരി വിമാനത്താവളത്തിലെ റൺവേയിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലും മറ്റും വെള്ളം കയറിയത് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ദുത്രഗതിയിൽ നടന്നുവരുന്നു. അപ്രതീക്ഷിതമായി പെരിയാറിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളം എളുപ്പത്തിൽ ഇറങ്ങി പോകുന്നതിന് സഹായകമായത്. വിമാനതാവളത്തിന്റെ ഒരു ഭാഗത്ത് നൂറ് മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞ് വീണതും റൺവേയിൽ നിന്നും വെള്ളം എളുപ്പത്തിൽ ഇറങ്ങി പോകുന്നതിന് സഹായകരമായി.
റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ടിന് വൈകിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്. ആദ്യം രാത്രി 12 മണി വരെയാണ് അടച്ചതെങ്കിലും മഴ ശക്തമായതിനെ തുടർന്നാണ് നാളെ വരെ വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്.
റൺവേയിൽ കയറിയ വെള്ളം പൂർണ്ണമായും ഇല്ലാതാക്കിയിട്ടുണ്ട്. ഇനി ടാക്സി ബേ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ കയറിയ വെള്ളം കൂടി പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. മഴ വീണ്ടും ശക്തമായതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നില്ലങ്കിൽ നാളെത്തോടു കൂടി വെള്ളം പൂർണ്ണമായും ഇറങ്ങി പോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്.
ശുദ്ധീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനു ശേഷം നാളെ ഉന്നതതല യോഗം കൂടിയതിനു ശേഷം ആയിരിക്കും വിമാന താവളം തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക. നാളെ മുതൽ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങാമെന്ന നിലയിൽ എയർ ലൈൻസുകൾ ടിക്കറ്റു വിതരണം തുടങ്ങിയിട്ടുണ്ട്. വിമാന താവളത്തിന്റെ റൺവേയിലും ടാക്സി ബേയലും മാത്രമാണ് ഇപ്പോൾ വെള്ളം കയറിട്ടുള്ളത്. ടെർമിനലിനകത്തേയ്ക്ക് ഇതുവരെ വെള്ളം കയറിട്ടില്ല .
ദിനംപ്രതി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ അന്താരാഷ്ട്ര ടെർമിനലിൽ നിന്നും 88 ലാന്റിഗും 88 ടെയ്ക്ക് ഓഫും ആഭ്യന്തര ടെർമിനലിൽ നിന്ന് 150 ലാന്റിഗും 150 ടെയ്ക് ഓഫും നടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിമാനങ്ങൾ ഇപ്പോൾ തിരുവനന്തപുരം,കരിപ്പൂർ , കണ്ണൂർ, കോയന്പത്തൂ വിമാനതാവളങ്ങളിലേയ്ക്ക് തിരിച്ച് വിട്ടിയിരിക്കുകയാണ് .