മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്. കഴിഞ്ഞ ആറു വർഷമായി പെരുമറ്റം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25000 രൂപയുടെ ചെക്ക് എൽദോ ഏബ്രഹാം എംഎൽഎയ്ക്ക് കൈമാറി.
യൂണിയൻ പ്രസിഡന്റ് പി.എം. ബഷീർ, സെക്രട്ടറി പി.എം പരീത്, ട്രഷറർ വി.വി. നിഷാദ്, ഭാരവാഹികളായ വി.എസ്. അഹമ്മദ്, കെ.പി. അനസ്, ഒ.എം. ജമാൽ, ടി.എം. ഷൈഫൽ, കെ.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ പെരുമറ്റം ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഇതുവരെ കിഡ്നി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം 10 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടന്നു ഭാരവാഹികൾ പറഞ്ഞു.
ഒരു ഓട്ടോറിക്ഷ തൊഴിലാളിയിൽനിന്നു ദിവസേന 10 രൂപ സ്വരൂപിച്ചാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. മഹാപ്രളയവും ഉരുൾപൊട്ടലും അടക്കം ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന കൈത്താങ്ങാകുന്നതിനാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയതെന്നും ഭാരവാഹികൾ പറഞ്ഞു.