കൊച്ചി: ന്യൂനമർദം ശക്തിപ്രാപിച്ചതിനെത്തുടർന്നു ജില്ലയിൽ നിർദേശം നൽകിയിരുന്നെങ്കിലും തെളിഞ്ഞ കാലാവസ്ഥ ആശ്വാസമേകി. ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞു. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പെരുന്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി മേഖലകളിലും ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയും മഴ ശക്തമായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.
കോതമംഗലം, പറവൂർ മേഖലകളിൽ ഉച്ചയോടെ കനത്ത മഴ പെയ്തു. ഇന്നലെ രാവിലെ എട്ട് വരെയുള്ള 24 മണിക്കൂറിൽ 80.27 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ആലുവ 63 മില്ലീ മീറ്റർ, നാവിക സേന വിമാനത്താവളം 105.6, എറണാകുളം സൗത്ത് 88.2, നെടുന്പാശേരി വിമാനത്താവളം 95.1, പിറവം 104.4, പെരുന്പാവൂർ 24 മില്ലീമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു.
കിഴക്കൻ മേഖലയിൽ മഴ ശക്തമായിനെത്തുടർന്നു ജലനിരപ്പ് ഉയർന്ന മലങ്കര ഡാമിന്റെ ഷട്ടറുകൾ പത്തു സെന്റിമീറ്റർ കൂടി ഉയർത്തി. നിലവിൽ ആറ് ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇതുമൂലം മൂവാറ്റുപുഴയാറിൽ ജലനിരപ്പ് നേരിയതോതിൽ കൂടി. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും തുറന്നുതന്നെ കിടക്കുകയാണ്. ഇടമലയാർ ഡാം പരമാവധി സംഭരണശേഷിയേക്കാൾ താഴ്ന്നനിലയിലായതിനാൽ ഇവിടത്തെ ഷട്ടറുകൾ തുറന്നിട്ടില്ല.
കളക്ടറുടെ നിർദേശത്തെത്തുടർന്നു 46 ഏക്കർ ഭാഗത്തുനിന്നുള്ള കുടുംബങ്ങളെ നേര്യമംഗലം ഗവ. സ്കൂളിലേക്ക് മാറ്റി. 24ഓളം കുടുംബങ്ങളിൽനിന്നായി 90ലധികം പേർ ഈ ക്യാന്പിലുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്നു കാലാവസ്ഥ പ്രതികൂലമാകാനിടയുള്ളതിനാൽ മത്സ്യബന്ധനത്തിനു കടലിൽ പോകരുതെന്നു നേരത്തെതന്നെ നിർദേശം നൽകിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ചു മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളെ തടയുന്നതിന് നടപടി സ്വീകരിക്കാൻ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും എല്ലാ മത്സ്യഭവൻ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
35 ക്യാന്പുകളിലായി 3,116 പേർ
കൊച്ചി: ജില്ലയിൽ ഇന്നലെ എട്ടു ദുരിതാശ്വാസ ക്യാന്പുകൾ കൂടി അടച്ചു. ശേഷിക്കുന്ന 35 ക്യാന്പുകളിലായി 3,116 പേർ കഴിയുന്നു. പറവൂർ താലൂക്കിലാണ് കൂടുതൽ ക്യാന്പുകൾ 15. ഇവിടെ 585 കുടുംബങ്ങളിലെ 1,864 പേരാണ് കഴിയുന്നത്. ആലുവ താലൂക്കിൽ ഒന്പത് ക്യാന്പുകളിലായി 239 കുടുംബങ്ങളിലെ 803 പേരുണ്ട്.
കുന്നത്തുനാട് താലൂക്കിൽ ഒരു ക്യാന്പ് മാത്രമേയുള്ളൂ. നാല് കുടുംബങ്ങളിലെ 12 പേരാണ് ഇവിടെ കഴിയുന്നത്. മൂവാറ്റുപുഴയിൽ രണ്ടു ക്യാന്പിലായി ഒന്പതു കുടുംബങ്ങളിലെ 28 പേരും കോതമംഗലത്ത് നാല് ക്യാന്പിൽ 85 കുടുംബങ്ങളിലെ 251 പേരും കണയന്നൂർ താലൂക്കിൽ നാല് ക്യാന്പുകളിലായി 62 കുടുംബങ്ങളിലെ 158 പേരും കഴിയുന്നു.