തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമായി. വി
ഴിഞ്ഞം മുതൽ കാസർഗോഡ് വരെ പലയിടത്തും കടൽ കയറി വൻനാശമുണ്ടായി. 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൊല്ലത്തും എറണാകുളം കണ്ണമാലിയിലും കാസര്‍ഗോട്ടും കടലാക്രമണം രൂക്ഷമാണ്. കണ്ണമാലിയിൽ മൂന്നൂറിലധികം വീടുകളിൽ വെള്ളം കയറി. കൊല്ലം ബീച്ചിന്റെ വലിയൊരു ഭാഗം കടലെടുത്തു. എറണാകുളം ജില്ലയിൽ കണ്ണമാലി, നായരമ്പലം കണ്ണമാലി തുടങ്ങിയ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്.
കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. മലയോരമേഖലകളിലും അതീവ ജാഗ്രത തുടരണം. ചെറിയ ഉയരത്തിൽ വീശുന്ന വേഗമേറിയ കാറ്റിനും ചുരുങ്ങിയ സമയത്തിൽ കൂടുതൽ മഴ പെയ്യിക്കുന്ന കൂറ്റൻ മഴമേഘങ്ങൾക്കും സാധ്യത തുടരുകയാണ്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ഇന്ന് കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും നാളെ മുതൽ ഞായറാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുംവേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാം.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ശനിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. മണ്ണാർക്കാട് തെങ്കരയിൽ മരം വീണ് ലൈൻ പൊട്ടിയതിനെ തുടർന്ന് അട്ടപ്പാടി മേഖലയിൽ വൈദ്യുതി നിലച്ചു. ആലപ്പുഴയിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പുയരുകയാണ്.
ശക്തമായ കാറ്റിൽ അമ്പലപ്പുഴയിൽ ഇന്നലെ ഒരു വീട് പൂർണമായും തകർന്നു. അപ്പർകുട്ടനാടൻ മേഖലകളായ നിരണം, തലവടി, വീയപുരം, തകഴി എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിലായി.
ആലപ്പുഴ ജില്ലയിൽ ഇതുവരെ 156 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികൾ മുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നത് തുടങ്ങിയതിനാൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
മലപ്പുറത്ത് 45 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരില്‍ രാമവര്‍മപുരത്ത് വന്‍ മരം കടപുഴകി വീണു. തിരുവല്ല അമ്പലപ്പുഴ പാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. ചക്കുളത്തുകാവ് മുതൽ പൊടിയാടി വരെ കെഎസ്ആർടിസി സർവീസ് നിർത്തി. റാന്നി പ്ലാങ്കമണ്ണിൽ കാർ തോട്ടിലേക്ക് മറിഞ്ഞു.
കണ്ണൂരില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. മലയോര മേഖലയിലേക്ക് രാത്രിയാത്ര നിരോധനമുണ്ട്. കോഴിക്കോട് കൊടിയത്തൂർ ഇരുവഞ്ഞിപ്പുഴയിൽ കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷൻ പരിസരത്ത് മരം കടപുഴകി വീണു.
ആലപ്പുഴ ചമ്പക്കുളം മാനങ്കരി പാടത്ത് മടവീണു. ചാലക്കുടിയിൽ വീടിനു മുകളിലേക്ക് മരം വീണു. തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു.
മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞു താഴുകയും ചെയ്തത്.
പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാർ കരകവിഞ്ഞത് കാരണം തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. കൊല്ലത്ത് ക്ലാപ്പനയിൽ വീടിനു മുകളിൽ തെങ്ങ് വീണു.
ജാഗ്രതയിൽ കേരളം