തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഈ മാസം 22 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. കേരളതീരത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലാകൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്.
ഇന്ന് ഇടുക്കി , മലപ്പുറം എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, 20 ന് ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുകയുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.
ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും 20 ന് പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 21ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ) അതിശക്തമായതോ (115 മില്ലിമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം താഴെപ്പറയുന്ന ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട്, കാസർഗോഡ്. നാളെ – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ്. ജൂലൈ 20- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. ജൂലൈ 21 – തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകിയിട്ടുണ്ട്.