ചിങ്ങവനം: കനത്ത മഴയിൽ വീടിന്റെ കിടപ്പുമുറി ഇടിഞ്ഞുവീണു. ഉറങ്ങിക്കിടന്നിരുന്ന അച്ഛനും മകനും വലിയ അത്യാഹിതത്തിൽനിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചാന്നാനിക്കാട് വിഷ്ണു ക്ഷേത്രത്തിന് സമീപം പിള്ളക്കൊണ്ടൂർ വിഷ്ണു പി. വിജയന്റെ വീടാണ് ഇടിഞ്ഞുവീണത്.
ഇന്നലെ പുലർച്ചെ ആറിനാണ് സംഭവം. ഉറക്കത്തിലായിരുന്ന വിഷ്ണുവും മകനും കട്ടിലിലേക്ക് മണ്ണ് വീഴുന്നതറിഞ്ഞ് ഉറക്കമുണർന്നപ്പോൾ മുറിയുടെ ഭിത്തിയിൽ വിള്ളൽ വീഴുന്നത് കാണുകയായിരുന്നു.
ഉടൻതന്നെ മകനെയുമെടുത്ത് പുറത്ത് കടന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നുതന്നെ ഭിത്തിയും മേൽക്കൂരയും കട്ടിലിലേക്കും മറ്റു ഭാഗങ്ങളിലേക്കും തകർന്നുവീണു.
അപകടം നടക്കുമ്പോൾ അമ്മ രാധയും ഭാര്യ സുമിയും അടുക്കളയിലായിരുന്നു. കിടപ്പുമുറിയും മുറിക്കുള്ളിലെ സാധനങ്ങളും തകർന്ന നിലയിലാണ്.