കോഴിക്കോട്: സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ അതിതീവ്രമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ശക്തമായ മഴയും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. അമ്പായത്തോടിലെ 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ചാലിയാറില്‍ ജലനിരപ്പുയര്‍ന്നത് ജില്ലയിലെ മലയോരമേഖലകളില്‍ വെള്ളപൊക്കത്തിന് കാരണമായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും അപകടങ്ങളുണ്ടാക്കി.
വയനാട് മേപ്പാടി പുത്തുമലയിൽ മണ്ണിടിച്ചിലുണ്ടായി. രണ്ട് വീടുകൾ പൂർണമായും തകർന്നു. കൽപ്പറ്റ പുത്തൂർവയലിൽ വീടിന് മുകളിലേക്ക് മരണം വീണു. വീട് നിശേഷം തകർന്നു. നിലമ്പൂർ കരുളായി മുണ്ടാകടവ് കോളനിയിൽ ഉരുൾപൊട്ടലുണ്ടായി. സംഭവത്തിൽ ആളപായമില്ല. ആളുകളെ സ്ഥലത്തുനിന്നും മാറ്റിപ്പാർപ്പിക്കുന്നു.
നിലമ്പൂർ ടൗണിലെ ജനതാപ്പടിയിൽ സംസ്ഥാനപാതയിൽ വെള്ളം കയറി. കണ്ണൂർ അടക്കാത്തോട്, നെല്ലിയോട് മേഖലകളിൽ ഉരുൾപ്പൊട്ടലുണ്ടായി. വ്യാപകമായി കൃഷി നശിച്ചു. കാസർഗോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലും അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലും പ്ലസ്ടുവരെയുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ തുറവൂരില്‍ മരം റയില്‍വേ ട്രാക്കിലേക്ക് വീണ് തീരദേശ പാതയില്‍ ട്രെയിൻഗതാഗതം തടസപ്പെട്ടു. എറണാകുളം–കായംകുളം, കായംകുളം–എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി. തീരദേശ റയില്‍ പാതയിലൂടെയുള്ള ജനശതാബ്ദി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു.