തിരുവനന്തപുരം: സംസ്ഥാനത്തു ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ശനിയാഴ്ച വരെ 13 ശതമാനം അധികമഴയാണു സംസ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത്. കാലവർഷത്തിൽ നിന്നും ആകെ ലഭിക്കേണ്ട മഴയേക്കാൾ അധികവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 203 സെന്റീമീറ്റർ മഴയാണു കാലവർഷത്തിൽ നിന്നും കേരളത്തിനു കിട്ടേണ്ടത്. എന്നാൽ കാലവർഷം പിൻവാങ്ങാൻ രണ്ടാഴ്ച കൂടി ബാക്കിയുള്ളപ്പോൾ തന്നെ ശനിയാഴ്ച വരെ 216 സെന്റീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്തിറങ്ങിയത്.