തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ രണ്ടാഴ്ചകൂടി ബാക്കി നിൽക്കെ കേരളത്തിൽ കനത്ത മഴ. കഴിഞ്ഞ കാലവർഷക്കാലത്ത് ആകെ കിട്ടിയ മഴയേക്കാൾ കൂടുതൽ മഴ ഈ വർഷം ഇതിനോടകം ലഭിച്ചു.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 153.15 സെന്റിമീറ്റർ മഴ പെയ്തു. കഴിഞ്ഞ വർഷം കാലവർഷത്തിൽനിന്ന് ആകെ കിട്ടിയത് 135.23 സെന്റിമീറ്റർ മഴ മാത്രമാണ്. ഇക്കുറി കാലവർഷത്തിന്റെ ആദ്യപാദത്തിൽ കാര്യമായ മഴ കിട്ടിയിരുന്നില്ല. എന്നാൽ, ഓഗസ്റ്റ് രണ്ടാം വാരത്തോടെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കാലവർഷം ശക്തിപ്രാപിച്ചു. സെപ്റ്റംബറിന്റെ തുടക്കത്തിലും കാര്യമായ മഴ കിട്ടിത്തുടങ്ങിയിട്ടുണ്ട്.
അവശേഷിക്കുന്ന രണ്ടാഴ്ചയിൽ കേരളത്തിനു മികച്ച അളവിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. കണക്കുകൾ പ്രകാരം കേരളത്തിന് ഇതിനോടകം ശരാശരി മഴ ലഭിച്ചുകഴിഞ്ഞു. കാലവർഷക്കാലത്ത് കേരളത്തിന് ആകെ കിട്ടേണ്ടത് 203.97 സെന്റിമീറ്റർ മഴയാണ്.
എന്നാൽ, ഇതിൽനിന്നു 19 ശതമാനത്തിന്റെ വ്യതിയാനം(കൂടുകയോ കുറയുകയോ ചെയ്യാം) ഉണ്ടായാലും ശരാശരി മഴ കിട്ടിയതായാണ് കണക്കാക്കുക. ഇതുപ്രകാരം കേരളത്തിന് ശരാശരി മഴ കിട്ടിക്കഴിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 19 ശതമാനം മഴക്കുറവിലാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിനു ശരാശരി മഴ കിട്ടിക്കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചത്.
കഴിഞ്ഞ കാലവർഷക്കാലത്ത് 34 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ സംസ്ഥാനത്തിന് ഇന്നലെ വരെ പെയ്ത മഴയുടെ കണക്ക് ആശ്വാസം പകരുന്നതാണ്. വയനാട്, കണ്ണൂർ, കാസർഗോഡ്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് ഏറ്റവും കൂടുതൽ മഴക്കുറവിൽ തുടരുന്നത്.ഡാമുകളിലെ ജലനിരപ്പ് ഉയർന്നതും കേരളത്തിന് ആശ്വാസകരമാണ്. 2016 ലെ ജലനിരപ്പിനേക്കാൾ കൂടുതലാണ് നിലവിലെ ജലനിരപ്പ്.
കഴിഞ്ഞ ദിവസം വരെ കെഎസ്ഇബിക്കു കീഴിലുള്ള 16 ഡാമുകളിൽ 2243.456 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത് പാദിപ്പിക്കാനാവശ്യമായ ജലമുണ്ട്. മൊത്തം സംഭരണശേഷിയുടെ 54 ശതമാനമാണിത്.നീരൊഴുക്കു കൂടിയിട്ടും ജലനിരപ്പ് കാര്യമായി കൂടുതൽ ഉയരാത്തത് ജലവൈദ്യുതി ഉൽപാദനം ഇരട്ടിയിലേറെയാക്കിയ സാഹചര്യത്തിലാണ്.