വെള്ളറട: നെയ്യാറ്റിന്‍കര സബ്ജില്ലാ കലോത്സവം വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു. മാരായമുട്ടം ശാസ്താന്തല യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്. ഉടന്‍തന്നെ അധ്യാപകരും സംഘാടകരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറരയോടെയിരുന്നു സംഭവം. സ്ഥലത്തും വേദിയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെ സ്റ്റേജിലേക്ക് കൊണ്ടുവന്നിരുന്ന വയറില്‍നിന്നും പന്തലില്‍ നാട്ടിയിരുന്ന തൂണിലേക്കു വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംസ്കൃതോത്സവത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ഓഫീസില്‍നിന്നും കൃഷ്ണേന്ദു നമ്പരും വാങ്ങി മത്സര വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
വിദ്യാർഥിനിക്കു പരിക്കുകളില്ല. ഷോക്കേറ്റതിനെ തുടർന്നുണ്ടായ ഭീതി മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളും എത്തിയതോടെ കുട്ടി വീണ്ടും പൂര്‍വസ്ഥിതിയിലായി. അതേസമയം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കുറച്ചുസമയം ജനറല്‍ ആശുപത്രിയില്‍ വിശ്രമിപ്പിച്ചശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു.
വിദ്യാര്‍ഥിനിക്കു ഷോക്കേറ്റത്തോടെ ആ വേദിയില്‍ നടന്നുകൊണ്ടിരുന്ന പരിപാടികള്‍ മറ്റൊരു വേദിയിലേക്കു മാറ്റി കലോത്സവ പരിപാടികള്‍ പുനരാരംഭിച്ചു. പരാതികള്‍ ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.