പലവട്ടം വഴുതിപ്പോയെന്ന നിരാശയിലിരിക്കെ ശക്തമായ മഴയിൽ വീണ്ടും കൈയിൽ കിട്ടിയ സന്തോഷത്തിൽ എക്സൈസ് വകുപ്പ്. സ്കൂൾ കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന ആലുവ സ്വദേശിയായ ബഷീറാണ് എക്സൈസിന്റെ വലയിൽ കൂടുങ്ങിയത്. കഞ്ചാവു കടത്തിയ മഹീന്ദ്ര ആൽഫ കാരിയർ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
കാക്കനാട് തേവയ്ക്കലിലുള്ള വാടക വീട് കേന്ദ്രികരിച്ച് ആണ് ഇയാൾ കഞ്ചാവു വില്പന നടത്തി വന്നിരുന്നത്. വീട്ടിലൊ വാടക വീട്ടിലൊ സൂക്ഷിക്കാതെ ആളൊഴിഞ്ഞ പറമ്പുകളിൽ കുഴിച്ചിട്ടാണ് ഇയാൾ കഞ്ചാവു സൂക്ഷിച്ചിരുന്നത്. ആവിശ്യക്കാരെ അനുസരിച്ച് 500 ,1000 രൂപയുടെ ചെറു പൊതികളാക്കിയാണ് വില്പന നടത്തി വന്നിരുന്നത്.
മഴ ശക്തമായതോടെ ബഷീറിന്റെ പദ്ധതികളെല്ലാം പാളി. കുഴിച്ചിട്ടിരിക്കുന്ന കഞ്ചാവ് മഴ നനഞ്ഞ് നശിക്കെന്ന ആശങ്കയും വിൽപനയും കുറഞ്ഞതോടെ എങ്ങനെയെങ്കിലും കൈവശ മുള്ള മുഴുവൻ കഞ്ചാവും വില്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ വലയിൽ കുടുങ്ങിയത്.
രണ്ടേകാൽ കിലോ കഞ്ചാവുമായി എറണാകുളം എക്സൈസ് സെപഷ്യൽ സ്ക്വാഡിന്റെ പിടിയിലായ ബഷീർ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പെരുമഴക്കാലം അനുഗ്രഹമായ സംഭവകഥ എക്സൈസ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്ക് വച്ചിരിക്കുന്നത്.