കോട്ടയം: ഒരു പതിറ്റാണ്ടായി കേരളത്തിൽ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും. കാലവർഷവും തുലാവർഷവും ഏറ്റവും നന്നായി ലഭിക്കുന്ന സ്ഥലങ്ങളിൽ പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകൾ ഇടംപിടിച്ചിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെയും പെരുവന്താനം മലയോരങ്ങളുടെയും സാന്നിധ്യം ഇതിൽ പ്രധാന ഘടകമായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മാത്രമല്ല പെരുവനന്താനം, പൊന്തൻപുഴ വനങ്ങൾ ഒരുക്കുന്ന അനുകൂല സാഹചര്യവും വനംപോലെ തിങ്ങിയ റബർതോട്ടങ്ങളുടെ സാന്നിധ്യവും അനുകൂല ഘടകങ്ങളാണ്.
പശ്ചിമഘട്ടം കടന്നു വരുന്ന കാറ്റും ജൈവവൈവിധ്യത്തിന്റെ ലഭ്യതയും മഴപ്പെയ്ത്തിന് സാധ്യതയൊരുക്കുന്നു. മൂവായിരം മില്ലീമീറ്ററിനു മുകളിൽ കാഞ്ഞിരപ്പള്ളിയിൽ ശരാശരി മഴ ലഭിക്കുന്നതായാണ് കണക്കുകൾ.
കേരളത്തിൽ പെരുമഴ പെയ്യുന്ന ആഴ്ചകളിലും മഴയിൽ മുന്നിലാണ് കാഞ്ഞിരപ്പള്ളി. ഈ സാഹചര്യത്തിലും വേനൽച്ചൂടിലും കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും മുന്നിൽതന്നെ. 39 ഡിഗ്രി വരെ ഇവിടെ താപനില ഉയർന്നിട്ടുണ്ട്.