കരുമാലൂർ: കഴിഞ്ഞ തവണത്തെ പ്രളയത്തിൽ തകർന്നടിഞ്ഞ ക്ഷീരകർഷകർ ഇത്തവണത്തെ പ്രളയത്തിന് മുമ്പു തന്നെ കന്നുകാലികൾക്ക് സുരക്ഷ ഉറപ്പാക്കി. മാഞ്ഞാലി പാലത്തിന് മുകളിലെ കൈവരിയിലാണ് ക്ഷീരകർഷകർ കന്നുകാലികളെ കെട്ടിയിട്ട് സംരക്ഷിച്ചത്.
കഴിഞ്ഞ തവണത്തെ പ്രളയത്തിൽ ഈ പ്രദേശത്തെ ഭൂരിഭാഗം കന്നുകാലികളും ഒഴുകിപ്പോയിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള കന്നുകാലികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരും ബാങ്കിൽ നിന്നു വായ്പ എടുത്ത് വാങ്ങിയ പശുക്കളെയാണ് വെള്ളമെടുത്തത്.
അന്നത്തെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ കന്നുകാലികളുടെ സുരക്ഷ കർഷകർ ഉറപ്പുവരുത്തിയത്. പാലത്തിന്റെ ഇരുവശങ്ങളിലുമാണ് കന്നുകാലികളെ കെട്ടിയിട്ടത്. കന്നുകാലികളെ കെട്ടിയിടാത്ത ഭാഗത്ത് പ്രദേശവാസികളുടെ കാറുകളും ബൈക്കുകളും സംരക്ഷിച്ചു.